ചെറുതോണി: വേനൽമഴയില്ലാത്തതുമൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴേക്ക്. വേനൽ കടുത്തതും ജലനിരപ്പ് താഴാൻ കാരണമാണ്. ഇവിടെ കരുതൽജലം നിലനിർത്തേണ്ടതിനാൽ വൈദ്യുതോത്പാദനം വീണ്ടും കുറയ്ക്കുകയുംചെയ്തു. അപ്പോഴും അണക്കെട്ടിൽ കഴിഞ്ഞ വർഷത്തേതിനെക്കാൾ 3.48 അടി വെള്ളം കൂടുതലുണ്ട്.
കാലവർഷം വൈകിയാൽ വൈദ്യുതോത്പാദനം പ്രതിസന്ധിയിലാകാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം. വൈദ്യുതോത്പാദനം കുറച്ചതിനെത്തുടർന്നാണ് ജലനിരപ്പ് ക്രമീകരിക്കാൻ സാധിച്ചതെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ പറഞ്ഞു.
കേന്ദ്രപൂളിലെ വൈദ്യുതിയും വിലയ്ക്ക് വാങ്ങുന്നതുമാണ് ഇപ്പോൾ സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. പുറമേനിന്നുള്ള വൈദ്യുതിലഭ്യത കുറയുമ്പോൾ ഇടുക്കി അണക്കെട്ടിലെ വെള്ളം ഉപയോഗിക്കുക എന്നതാണ് കെ.എസ്.ഇ.ബി.യുടെ രീതി.
2344.56 അടിയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 2341.08 അടിയായിരുന്നു കഴിഞ്ഞവർഷം ഇതേദിവസം. മഴ നിലച്ചതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വളരെ കുറഞ്ഞു.
0.277 ദശലക്ഷം ഘനമീറ്റർ വെള്ളം മാത്രമേ 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിൽ ഒഴുകിയെത്തുന്നുള്ളൂ. 602.498 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇത് സംഭരണശേഷിയുടെ 41.28 ശതമാനം.
ഇടുക്കിയിൽനിന്നുള്ള 3.762 ദശലക്ഷം ഘനമീറ്റർ വെള്ളം ഉപയോഗിച്ച് 24 മണിക്കൂറിൽ 5.509 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റം വൈദ്യുതിനിലയത്തിൽ ഉത്പാദിപ്പിച്ചത്.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇക്കൊല്ലം ഇതുവരെ മഴ ലഭിച്ചിട്ടില്ല.