കൊച്ചി: പ്രലേ മൊണ്ടലിനെ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി നിയമിച്ച് തൃശൂർ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക്. 2022 സെപ്തംബർ 15 ന് അദ്ദേഹത്തിന്റെ നിയമനം പ്രാബല്യത്തിൽ വന്നതായി ബാങ്ക് അറിയിച്ചു.
2022 സെപ്തംബർ 15-ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യിൽ നിന്ന് ലഭിച്ച അംഗീകാരത്തിന് അനുസൃതമായി, അന്നേ ദിവസം ചേർന്ന ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗം മൊണ്ടലിനെ ബാങ്കിന്റെ എംഡിയും സിഇഒയും ആയി നിയമിക്കുന്നതിന് അംഗീകാരം നൽകിയതായി സിഎസ്ബി ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ആർബിഐയുടെ അംഗീകാരത്തിന് അനുസൃതമായി 2022 സെപ്റ്റംബർ 15 മുതൽ 2025 സെപ്റ്റംബർ 14 വരെയുള്ള മൂന്ന് വർഷത്തേക്കാണ് മൊണ്ടലിന്റെ നിയമനം. മൊണ്ടൽ 2020 സെപ്റ്റംബർ 23-ന് ബാങ്കിന്റെ റീട്ടെയിൽ, എസ്എംഇ, ഓപ്പറേഷൻസ് ആൻഡ് ഐടി പ്രസിഡന്റായി സിഎസ്ബിയിൽ ചേർന്നിരുന്നു. 2022 ഫെബ്രുവരി 17 മുതൽ അദ്ദേഹം ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിതനായി.
ബാങ്കിന്റെ റെഗുലർ മാനേജിംഗ് ഡയറക്ടറുടെയും സിഇഒയുടെയും അഭാവത്തിൽ, 2022 ഏപ്രിൽ 1 മുതൽ ഇന്നുവരെ ബാങ്കിന്റെ ഇടക്കാല മാനേജിംഗ് ഡയറക്ടറും സിഇഒ പദവിയും മൊണ്ടൽ വഹിച്ചിരുന്നു. സിഎസ്ബി ബാങ്കിൽ ചേരുന്നതിന് മുമ്പ്, മൊണ്ടൽ ആക്സിസ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയിൽ ബാങ്കിംഗ് മേധാവിയുമായിരുന്നു. റീട്ടെയിൽ ആസ്തികൾ/ ബാധ്യതകൾ, ബിസിനസ് ബാങ്കിംഗ്, ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ ഒന്നിലധികം ബിസിനസുകളിലും പ്രവർത്തനങ്ങളിലും മൊണ്ടലിന് ഏകദേശം 30 വർഷത്തെ പ്രവർത്തി പരിചയമുണ്ട്.
ആക്‌സിസ് ബാങ്കിൽ ചേരുന്നതിന് മുമ്പ്, യെസ് ബാങ്കിന്റെ സീനിയർ ഗ്രൂപ്പ് പ്രസിഡന്റും റീട്ടെയിൽ, ബിസിനസ് ബാങ്കിംഗ് മേധാവിയുമായിരുന്നു അദ്ദേഹം. അവിടെ ബാങ്കിന്റെ മുഴുവൻ റീട്ടെയിൽ ഫ്രാഞ്ചൈസിയും സ്ഥാപിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അതിനുമുമ്പ്, എച്ച്‌ഡിഎഫ്‌സി ബാങ്കിൽ മൊണ്ടൽ 12 വർഷം സേവനം അനുഷ്ടിച്ചു.