ഡൽഹി: ബുധനാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുന്ന പ്രാരംഭ ഓഹരി വിൽപ്പനയ്‌ക്ക് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് ഏകദേശം 142 കോടി രൂപ സമാഹരിച്ചതായി ലക്ഷ്വറി, പ്രീമിയം വാച്ച് റീട്ടെയിലറായ എത്തോസ് അറിയിച്ചു. ആങ്കർ നിക്ഷേപകർക്ക് 878 രൂപ നിരക്കിൽ 16,13,725 ഇക്വിറ്റി ഷെയറുകൾ അനുവദിക്കാൻ കമ്പനി തീരുമാനിച്ചതായി ബിഎസ്‌ഇ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത സർക്കുലർ വ്യക്തമാകുന്നു. ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്, ജൂപ്പിറ്റർ ഇന്ത്യ ഫണ്ട്, സെന്റ് ക്യാപിറ്റൽ ഫണ്ട്, നോമുറ സിംഗപ്പൂർ, യുപിഎസ് ഗ്രൂപ്പ് ട്രസ്റ്റ് തുടങ്ങിയവയാണ് കമ്പനിയുടെ ആങ്കർ നിക്ഷേപകർ. ഇനീഷ്യൽ പബ്ലിക് ഓഫറിംഗിൽ (IPO) 375 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും 1,108,037 ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിലും (OFS) ഉൾപ്പെടുന്നു.
ഒരു ഷെയറിന് 836-878 രൂപ പ്രൈസ് ബാൻഡുള്ള പബ്ലിക് ഇഷ്യൂ മെയ് 18-20 കാലയളവിൽ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കും. പുതിയ ഇഷ്യൂവിൽ നിന്നുള്ള വരുമാനം കടത്തിന്റെ തിരിച്ചടവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പുതിയ സ്റ്റോറുകൾ തുറക്കൽ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വിനിയോഗിക്കാൻ കമ്പനി ഉദ്ദേശിക്കുന്നു. 2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 386.57 കോടി രൂപയായിരുന്നു, ഒപ്പം ഇതേ കാലയളവിലെ അറ്റാദായം 5.78 കോടി രൂപയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം, ലക്ഷ്വറി വാച്ചുകളുടെ പോർട്ട്‌ഫോളിയോയാണ് എത്തോസിന്റേത്. കൂടാതെ ഒമേഗ, ഐഡബ്ല്യുസി ഷാഫ്‌ഹൗസെൻ, ജെയ്‌ഗർ ലെകൗൾട്രെ, പനേരായ്, ബ്‌വ്‌ൽഗാരി, എച്ച്. മോസർ & സി, റാഡോ, ലോംഗിനെസ്, ബൗമെ, ഒറിസ്, എസ്എ, ബൗം, ഒറിസ്, മെർസി തുടങ്ങിയ 50 പ്രീമിയം, ലക്ഷ്വറി വാച്ച് ബ്രാൻഡുകൾ കമ്പനി റീട്ടെയിൽ ചെയ്യുന്നു.