
ഡൽഹി: റിയൽറ്റി സ്ഥാപനമായ പ്രസ്റ്റീജ് എസ്റ്റേറ്റ്സ് നാലിരട്ടി വർധനയോടെ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 3,012 കോടി രൂപയുടെ വിൽപ്പന ബുക്കിംഗിൽ രേഖപ്പെടുത്തി. കൊവിഡ് പാൻഡെമിക്കിന്റെ രണ്ടാം തരംഗം സാരമായി ബാധിച്ച മുൻവർഷത്തെ വിൽപ്പന ബുക്കിംഗ് 733.9 കോടി രൂപയായിരുന്നു. മൊത്തം വില്പനയിൽ മുംബൈ മേഖല സംഭാവന ചെയ്തത് 737.8 കോടി രൂപയാണെന്ന് കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. 3.63 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിന്നാണ് വിൽപ്പന ഉണ്ടായതെന്നും, ഒരു ചതുരശ്ര അടിക്ക് ശരാശരി 8,298 രൂപ ലഭിച്ചെന്നും കമ്പനി കൂട്ടിച്ചേർത്തു. ജൂൺ പാദത്തിൽ 9.67 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള നാല് പദ്ധതികൾ ആരംഭിച്ചപ്പോൾ, ഇതേ കാലയളവിൽ 0.78 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മൂന്ന് പദ്ധതികൾ കമ്പനി പൂർത്തിയായി.
പലിശ നിരക്ക് വർദ്ധനയും സമ്മിശ്ര മാക്രോ ഇക്കണോമിക് വികാരങ്ങളും ഉണ്ടായിരുന്നിട്ടും കമ്പനിയുടെ വിൽപ്പന ബുക്കിംഗ് ഒന്നിലധികം മടങ്ങ് വർദ്ധിച്ചതായി പ്രസ്റ്റീജ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വെങ്കട്ട് കെ നാരായണ പറഞ്ഞു. ബാംഗ്ലൂർ, മുംബൈ, എൻസിആർ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ അടുത്ത ഏതാനും പാദങ്ങളിൽ ഏകദേശം 15 ദശലക്ഷം ചതുരശ്ര അടി ലോഞ്ചുകൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭവനം, ഓഫീസ്, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, സേവനങ്ങൾ എന്നിങ്ങനെ വിവിധ സെഗ്‌മെന്റുകളിലുടനീളം പ്രവർത്തിക്കുന്ന പ്രസ്റ്റീജ് ഗ്രൂപ്പിന് ഇന്ത്യയിലെ 12 പ്രധാന സ്ഥലങ്ങളിൽ സാന്നിധ്യമുണ്ട്.
151 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള 268 പ്രോജക്ടുകൾ ഗ്രൂപ്പ് ഇതുവരെ പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ വിവിധ സെഗ്‌മെന്റുകളിലായി 45 പ്രോജക്ടുകൾ നടന്നുകൊണ്ടിരിക്കുകയാണ്.