![](https://www.livenewage.com/wp-content/uploads/2025/02/Price-hike.webp)
കൊച്ചി: ഗ്രാമീണ മേഖലകളിലെ വിലക്കയറ്റമാണു കേരളത്തിലെ ആകമാന വിലക്കയറ്റത്തിന്റെ തോതു ദേശീയ നിരക്കിനെക്കാൾ കൂടുതലായിരിക്കുന്നതിനു പ്രധാന കാരണമെന്നു വിപണി ഗവേഷണരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യോൽപന്നങ്ങൾക്കും വിദ്യാഭ്യാസം, ആരോഗ്യരക്ഷ എന്നിവയ്‌ക്കുമുള്ള ചെലവിന്റെ നിരക്കിലെ വളർച്ച ഗ്രാമീണ മേഖലയിലാണു കൂടുതലെന്ന് അവരുടെ പഠനങ്ങൾ വെളിപ്പെടുത്തുന്നു.
ജനുവരിയിൽ വിലക്കയറ്റത്തിന്റെ ദേശീയ നിരക്ക് നാലു മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരമായ 4.31 ശതമാനത്തിലെത്തിയപ്പോൾ കേരളത്തിലെ നിരക്ക് 6.7 ശതമാനമെന്നാണു സെൻട്രൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫിസ് (സിഎസ്‌ഒ) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട്.
മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടിയ നിരക്കാണിത്. ഡിസംബറിൽ ദേശീയ നിരക്ക് 5.22% മാത്രമായിരുന്നപ്പോൾ കേരളത്തിൽ 6.36 ശതമാനമായിരുന്നു.
കേരളത്തിൽ മിക്ക ഭക്ഷ്യോൽപന്നങ്ങൾക്കും റിപ്പോർട്ട് കാലയളവിൽ വില വർധിക്കുകയായിരുന്നു. വെളിച്ചെണ്ണ ഉൾപ്പെടെ പാചകാവശ്യത്തിനുപയോഗിക്കുന്ന എണ്ണകൾക്കെല്ലാം വില വർധിച്ചു. പച്ചക്കറികൾ, പഴങ്ങൾ, മുട്ട തുടങ്ങിയവയ്‌ക്കും ഗണ്യമായ വിലവർധനയാണ് അനുഭവപ്പെട്ടത്.
ധാന്യങ്ങൾക്കും പയർവർഗങ്ങൾക്കുമുണ്ടായ വില വർധനയും വലുതായിരുന്നു. ചില ഉൽപന്നങ്ങളുടെ വില വർധനയ്‌ക്കു കാരണമായതു വിതരണ ശൃംഖലയിലെ അപാകതകളാണ്.
ഭക്ഷ്യോൽപന്നങ്ങൾ കഴിഞ്ഞാൽ വിലക്കയറ്റ സൂചികയിൽ കൂടുതൽ പ്രാതിനിധ്യമുള്ളതു ‘പലവക’ എന്ന വിഭാഗത്തിൽപ്പെട്ട വസ്‌ത്രങ്ങൾ, പാദരക്ഷ, ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ ഉൽപന്നങ്ങൾക്കാണ്. അവയ്‌ക്കും വില കയറുകയുണ്ടായി.
ചികിത്സച്ചെലവുകളിലെയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചെലവുകളിലെയും വർധനയും ആകമാന പണപ്പെരുപ്പത്തിന് ഇടയാക്കി. വിലക്കയറ്റം സംസ്‌ഥാനത്തെ നഗര മേഖലകളിലും അനുഭവപ്പെടുന്നുണ്ടെങ്കിലും ഗ്രാമങ്ങളിലെ അത്ര രൂക്ഷമല്ലെന്നാണു ഗവേഷകരുടെ അഭിപ്രായം.