
കൊച്ചി: വിലക്കയറ്റം ശക്തമായി നിലനിൽക്കുന്നതിനാൽ പലിശ നിരക്ക് കുറയാൻ സാധ്യത മങ്ങുന്നു. ആഗോള മേഖലയിലെ കടുത്ത അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യൻ സാമ്പത്തിക രംഗം മികച്ച വളർച്ച നേടുന്നതിനാൽ നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികൾക്കാണ് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പരിഗണന നൽകുന്നത്.
കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മൂലം രാജ്യത്തെ വിവിധ കാർഷിക മേഖലകളിൽ ഉത്പാദന ഇടിവുണ്ടായതും ഉപഭോഗത്തിലുണ്ടായ വർദ്ധനയും മൂലം പച്ചക്കറികൾ, പഴം, മത്സ്യം, മാംസം എന്നിവയുടെ വില അസാധാരണമായി ഉയരുന്നതാണ് കേന്ദ്ര ബാങ്കിന് തലവേദന സൃഷ്ടിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ പലിശ കുറച്ചാൽ രാജ്യം അതിരൂക്ഷമായ വിലക്കയറ്റത്തിലേക്ക് നീങ്ങുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ അവശ്യ സാധനങ്ങളുടെ ഉൾപ്പെടെയുള്ള വില മാനം മുട്ടെ ഉയർന്നതിനെ തുടർന്ന് നാണയപ്പെരുപ്പം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക് തുടർച്ചയായി പലിശ നിരക്ക് വർദ്ധിപ്പിക്കുകയായിരുന്നു.
വിപണിയിലെ പണ ലഭ്യത കുറച്ച് ഉപഭോഗത്തിന് നിയന്ത്രണം വരുത്താനാണ് റിസർവ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്.
കഴിഞ്ഞ വർഷം മേയ് മാസത്തിനു ശേഷം ആറു തവണയായി മുഖ്യ നിരക്കായ റിപ്പോ 2.5 ശതമാനമാണ് റിസർവ് ബാങ്ക് ഉയർത്തിയത്. ഇതോടെ രാജ്യത്തെ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ് വായ്പകളുടെ പലിശ നിരക്ക് ബാങ്കുകൾ മൂന്ന് മുതൽ നാല് ശതമാനം വരെ വർദ്ധിപ്പിച്ചിരുന്നു.
ഇത്രയേറെ പലിശ വർദ്ധനയുണ്ടായിട്ടും വിലക്കയറ്റ ഭീഷണി കാര്യമായി കുറയാത്തതിനാൽ അടുത്ത മാസം നടക്കുന്ന വായ്പാ പണ അവലോകന യോഗത്തിലും പലിശ നിരക്കിൽ മാറ്റമുണ്ടാവാൻ ഇടയില്ലെന്ന് ബാങ്കിംഗ് രംഗത്തെ വിദഗ്ധർ പറയുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ വായ്പകളുടെ പലിശ നിരക്ക് കുത്തനെ കൂടിയതിനാൽ രാജ്യത്തെ ബാങ്കിംഗ് മേഖല കടുത്ത വെല്ലുവിളികൾ നേരിടുകയാണ്.
സാമ്പത്തിക മേഖല മാന്ദ്യ സമാനമായ സാഹചര്യത്തിലേക്ക് നീങ്ങിയതിനൊപ്പം വായ്പാ ആവശ്യങ്ങൾ കുറഞ്ഞതും നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകേണ്ടി വരുന്നതും ബാങ്കുകളുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ബാങ്കിംഗ് മേഖലയിലുള്ളവർ പറയുന്നു.