മുംബൈ: ജൂണിലെ ഉപഭോക്തൃ വില സൂചികയിലും മൊത്ത വില സൂചികയിലും വർധന രേഖപ്പെടുത്തിയ സാഹചര്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ഉടനടി പലിശനിരക്ക് കുറക്കാനുള്ള സാധ്യത കുറഞ്ഞു.
പലിശ നിർണയത്തിന് ആർ.ബി.ഐ പ്രധാനമായും ആശ്രയിക്കുന്നത് ഉപഭോക്തൃ വില സൂചികയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പ നിരക്കാണ്. ഇത് ഇക്കഴിഞ്ഞ ജൂണിൽ 5.08 ശതമാനമായി ഉയർന്നിരുന്നു.
കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്. മേയിൽ 4.80 ശതമാനമായിരുന്നു. മൊത്തവില സൂചികയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പവും ജൂണിൽ 3.36 ശതമാനമായി ഉയർന്നു.
കഴിഞ്ഞ 16 മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കമുള്ള എട്ട് ബാങ്കുകൾ വായ്പ പലിശ നിരക്കിൽ വർധന വരുത്തിയിരുന്നു.
അതേസമയം, നടപ്പു സാമ്പത്തിക വർഷത്തെ വളർച്ചനിരക്ക് (ജി.ഡി.പി) ഏഴിൽനിന്ന് 7.2 ശതമാനം ആയി റിസർവ് ബാങ്ക് ഉയർത്തി. പണപ്പെരുപ്പം സംബന്ധിച്ച അനുമാനം നടപ്പുവർഷം 4.5 ശതമാനം ആയി നിലനിർത്തുകയും ചെയ്തു.
ഒന്നാം പാദത്തിലെ പണപ്പെരുപ്പ അനുമാനം 4.9 ശതമാനം ആയിരുന്നുവെങ്കിലും നിരക്ക് ഇപ്പോൾ 5.08 ശതമാനമായി ഉയർന്നിരിക്കുകയാണ്. ഭക്ഷ്യോൽപന്നങ്ങളുടെ വിലയിൽ വന്ന വർധനയാണ് വിലക്കയറ്റത്തിന് പ്രധാനമായും കാരണമായത്.
തെക്കുപടിഞ്ഞാറൻ കാലവർഷം മെച്ചപ്പെട്ട നിലയിൽ ലഭിക്കുമെന്ന പ്രവചനം യാഥാർഥ്യമായാൽ ഭേദപ്പെട്ട വിളവെടുപ്പിലൂടെ ഡിസംബറോടെ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കാമെന്നാണ് ആർ.ബി.ഐ കണക്കുകൂട്ടുന്നത്.
പണപ്പെരുപ്പ നിരക്ക് നാലു ശതമാനത്തിലെത്തിക്കുകയാണ് ആർ.ബി.ഐയുടെ ലക്ഷ്യം. വിപണിയിലെ പണലഭ്യത നിയന്ത്രിച്ച് വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിപോ നിരക്കിൽ കുറവ് വരുത്താൻ ആർ.ബി.ഐ തയാറാവാത്തത്.
ആർ.ബി.ഐയുടെ അടുത്ത പണ നയ സമിതി (എം.പി.സി) യോഗം ആഗസ്റ്റ് ആറു മുതൽ എട്ടു വരെയാണ്. നിരക്ക് 6.5 ശതമാനത്തിൽ തന്നെ നിലനിർത്താനാണ് സാധ്യത.
നിരക്ക് കുറയാൻ ഒരുപക്ഷേ, ഡിസംബർ വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ അനുമാനം.