ജയ്പൂർ: സർവ മേഖലയിലും ഇന്ത്യ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് വർഷം കൊണ്ട് ഇന്ത്യയെ ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയാക്കി മാറ്റാൻ സാധിച്ചു.
നവീകരണം, നിർവഹണം, പരിവർത്തനം ( Reform-Perform-Transform) എന്ന മന്ത്രമാണ് ഇന്ത്യയെ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മന്ത്രം ലോകമെമ്പാടുമുള്ള വ്യവസായികളെയും നിക്ഷേപകരെയും ആവേശഭരിതരാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ എല്ലാ വികസനത്തിലും ഈ മന്ത്രമുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം ആറ് പതിറ്റാണ്ട് കൊണ്ടാണ് രാജ്യം സാമ്പത്തിക ശക്തിയിൽ പത്താമതായത്. എന്നാൽ കഴിഞ്ഞൊരു പതിറ്റാണ്ട് കൊണ്ട് പത്തിൽ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു.
രാജ്യത്തിന്റെ വികസനത്തിനും പൈതൃകത്തിനും യാതൊരുവിധ പ്രാധാന്യവും നൽകാത്ത സർക്കാരാണ് ആറ് പതിറ്റാണ്ടോളം രാജ്യം ഭരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ലെന്നും കാര്യങ്ങൾ മെച്ചപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ജയ്പൂർ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ റൈസിംഗ് രാജസ്ഥാൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ ദശാബ്ദത്തിനിടെ ഇന്ത്യ കൈവരിച്ച ഡിജിറ്റൽ കുതിപ്പിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. പത്ത് വർഷത്തിനിടെ ഇൻ്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം നാലിരട്ടിയായി.
ഡിജിറ്റൽ പണമിടപാടിലും വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ ജനാധിപത്യവത്കരണത്തിന്റെ നേതൃനിരയിലാണ് ഇന്ന് ഇന്ത്യയുള്ളത്.
രാജസ്ഥാന്റെ വളർച്ചയെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. സിങ്ക്, ലെഡ്, ചെമ്പ്, മാർബിൾ, ചുണ്ണാമ്പുകല്ല്, ഗ്രാനൈറ്റ് തുടങ്ങിയ ഇന്ത്യയുടെ ധാതു ശേഖരത്തിന്റെ വലിയൊരു ഭാഗം രാജസ്ഥാനിലാണ്.
ഇവയാണ് സ്വാശ്രയ ഇന്ത്യയുടെ അടിത്തറയെന്നും ഇന്ത്യയുടെ ഈർജ്ജ സുരക്ഷയിൽ രാജസ്ഥാൻ വലിയ പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ദശകത്തിന്റെ അവസാനത്തോടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.