കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്തെ സ്വകാര്യ ബാങ്കുകൾ ലാഭത്തിൽ വൻ സമ്മർദ്ദം നേരിടുന്നു. നിക്ഷേപങ്ങൾക്ക് അധിക പലിശ നൽകേണ്ടി വന്നതും കിട്ടാക്കടങ്ങൾ കൂടിയതും വായ്പകളുടെ തിരിച്ചടവിൽ വീഴ്ച വരുത്തുന്നവരുടെ എണ്ണം ഉയരുന്നതുമാണ് ബാങ്കുകൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്.
അവലോകന കാലയളവിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെന്ന് പ്രവർത്തന ഫലം പ്രഖ്യാപിച്ചതിന് ശേഷം ബാങ്ക് മേധാവികൾ വ്യക്തമാക്കി. ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളിലും വ്യക്തിഗത, കാർഷിക വായ്പകളിലും തിരിച്ചടവ് വ്യാപകമായി മുടങ്ങുന്നതിനാൽ നഷ്ടസാദ്ധ്യത മറികടക്കാനായി ബാങ്കുകൾ വലിയ തുക പ്രൊവിഷനിംഗിനായി മാറ്റിവെച്ചതും വിനയായി.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ നിഷ്‌ക്രിയ ആസ്‌തി 0.16 ശതമാനം ഉയർന്ന് 1.33 ശതമാനമായി.
ആക്സിസ് ബാങ്കിന്റെ കിട്ടാക്കടം 0.11 ശതമാനം വർദ്ധനയോടെ 1.54 ശതമാനത്തിലെത്തി. ഇൻഡസ് ഇൻഡ് ബാങ്ക്, കോട്ടക് ബാങ്ക് തുടങ്ങിയവയും വായ്പ തിരിച്ചടവ് കൂടുന്നതിൽ ആശങ്കയിലാണ്.
മാർജിൻ കുറയുന്നു
വിപണിയിൽ പണലഭ്യത കുറഞ്ഞതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിക്കാൻ നിർബന്ധിതരായതാണ് ബാങ്കുകളുടെ ലാഭത്തിൽ വലിയ തിരിച്ചടി സൃഷ്‌ടിച്ചത്. വിവിധ ബാങ്കുകളുടെ ലാഭം മുൻവർഷത്തേക്കാൾ കൂടിയെങ്കിലും വിപണിയുടെ പ്രതീക്ഷ കാത്തില്ല.
മുൻവർഷത്തെ കാലയളവുമായി താതതമ്യം ചെയ്യുമ്പോൾ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പലിശ മാർജിനിൽ വലിയ ഇടിവുണ്ടായി. എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടെയും പലിശയിൽ നിന്നുള്ള ലാഭം കുറഞ്ഞു.
ബാങ്കുകൾ അറ്റാദായം വർദ്ധന
- എച്ച്.ഡി.എഫ്.സി ബാങ്ക് 16,175 കോടി രൂപ 35 ശതമാനം
- കോട്ടക് മഹീന്ദ്ര 6,250 കോടി രൂപ 81.1 ശതമാനം
- ഫെഡറൽ ബാങ്ക് 1,009 കോടി രൂപ 18 ശതമാനം
- ബന്ധൻ ബാങ്ക് 1,063 കോടി രൂപ 46.8 ശതമാനം
- ഐ.സി.ഐ.സി.ഐ ബാങ്ക് 11,053 കോടി രൂപ 14.6 ശതമാനം
പത്ത് മുൻനിര ബാങ്കുകളുടെ സംയുക്ത ലാഭം 50,000 കോടി രൂപ കവിഞ്ഞു