തിരുവനന്തപുരം: വികസനത്തിനും തൊഴിലവസരങ്ങൾക്കുമായി ഒരുക്കിയ പദ്ധതിയിലൂടെ എല്ലാ ജില്ലകളിലും ഈ വർഷം വ്യവസായ പാർക്കുകൾ തുടങ്ങാമെന്ന് വ്യവസായ വകുപ്പിന്റെ പ്രതീക്ഷ. സംസ്ഥാനത്തെ വ്യവസായ വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി രൂപീകരിച്ചത്.
അഞ്ച് ജില്ലകളിലായി എട്ട് വ്യവസായ പാർക്കുകൾക്ക് അനുമതി നൽകിയിരുന്നു. 30 അപേക്ഷകൾ പരിശോധിക്കുകയാണ്. വ്യവസ്ഥകൾ ലളിതമാക്കിയതോടെയാണ് അപേക്ഷകർ കൂടിയത്.
കുറഞ്ഞത് 10 ഏക്കർ സ്ഥലമുള്ളവർക്ക് വ്യവസായ എസ്റ്റേറ്രിനും അഞ്ച് ഏക്കറുള്ളവർക്ക് എസ്.ഡി.എഫ് (സ്റ്റാൻഡാർഡ് ഡിസൈൻ ഫാക്ടറി) സ്ഥാപിക്കാനും അനുമതി കിട്ടും. 30 വർഷമോ അതിലധികമോ കാലത്തേക്ക് പാട്ടത്തിന് സ്ഥലമെടുത്തവർക്കും അപേക്ഷിക്കാം.
വ്യവസായ വാണിജ്യ ഡയറക്ടർക്കാണ് അപേക്ഷ നൽകേണ്ടത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏഴംഗ ഉന്നത തലസമിതി പരിശോധിച്ച് ഡെവലപ്പർ പെർമിറ്ര് നൽകും. ഏകജാലക സംവിധാനത്തിലൂടെ അനുമതി ലഭിക്കും.
പത്തനംതിട്ട (ചിറ്റാർ, അടൂർ), കോട്ടയം (മൂന്നിലവ്, മീനച്ചിൽ, കാഞ്ഞിരപ്പള്ളി), പാലക്കാട് (അമ്പലപ്പാറ), മലപ്പുറം (തിരൂർ), കണ്ണൂർ (പരിയാരം) പാർക്കുകൾക്കാണ് അനുമതി ലഭിച്ചത്. 350 കോടി രൂപയുടെ നിക്ഷേപവും 4500 തൊഴിലവസരങ്ങളുമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
കൃഷി അധിഷ്ഠിത വ്യവസായം, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷ്യസംസ്‌കരണം, കയർ, റബർ ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സംരംഭങ്ങളാണ് ആദ്യ ഘട്ടത്തിൽ.
പ്രവാസികളടക്കമുള്ളവരുടെ സ്ഥലവും നിക്ഷേപവും വ്യവസായത്തിന് ഉപയോഗിക്കുകയാണ് ലക്ഷ്യം. പത്ത് ഏക്കറോ അതിലധികമോ ഭൂമിയുള്ള കമ്പനികൾക്കും കൂട്ടു സംരംഭങ്ങൾക്കും അപേക്ഷിക്കാം.
വൈദ്യുതി, വെള്ളം, ഗതാഗത സൗകര്യം, ഡ്രെയിനേജ്, മാലിന്യസംസ്‌കരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി ഒരു ഏക്കർ ഭൂമിക്ക് 30 ലക്ഷം രൂപ ക്രമത്തിൽ മൂന്ന് കോടി വരെ ധനസഹായം നൽകും.