ഹൈദരാബാദ്: ആപ്പിള്‍ ഫോണുകളുടെ ഉത്പാദനം സര്‍വകാല റെക്കോര്‍ഡിലെത്തിയതായി കേന്ദ്രസര്‍ക്കാര്‍. ആദ്യ ഏഴ് മാസ കണക്ക് പരിശോധിക്കുമ്പോള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിൽ പത്ത് ബില്യൻ ഡോളറിനുള്ള ഐഫോണാണ് രാജ്യത്ത് ഉൽപാദിപ്പിച്ചത്.
ഇതില്‍ ഏഴ് ബില്യൻ ഡോളര്‍ വിലമതിക്കുന്ന ഫോണുകള്‍ രാജ്യം കയറ്റുമതി ചെയ്തെന്നും കേന്ദ്രം അറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ ഉത്പാദന വര്‍ധനവ് ലക്ഷ്യമാക്കി ആവിഷ്‌കരിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയുടെ നേട്ടമാണിതെന്നും കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സില്‍ കുറിച്ചു.
‘രാജ്യത്തെ ആപ്പിള്‍ ഐഫോണ്‍ നിര്‍മാണം ഏഴ് ബില്യൻ ഡോളറിന്റെ കയറ്റുമതിയോടെ 10 ബില്യൻ ഡോളര്‍ കടന്നിരിക്കുന്നു. ഇതോടെ ഭാരതത്തിലെ മൊബൈല്‍ ഫോണുകളുടെ ആകെ കയറ്റുമതി ഏഴ് മാസത്തിനിടെ 10.6 ബില്യൻ ഡോളര്‍ കടന്നു’ -മന്ത്രി എക്‌സില്‍ കുറിച്ചു.
അതേസമയം ഒരു തൊഴില്‍ദാതാവെന്ന നിലയിലും ആപ്പിള്‍ രാജ്യത്ത് മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്ത് 1.75 ലക്ഷം നേരിട്ടുള്ള തൊഴിലുകളാണ് ആപ്പിള്‍ സൃഷ്ടിച്ചത്. ജോലി നേടിയവരില്‍ 72 ശതമാനവും സ്ത്രീകളാണെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.
ആദ്യ ഏഴ് മാസത്തിനുള്ളില്‍ 60,000 കോടി രൂപയുടെ (ഏതാണ്ട് ഏഴ് ബില്യൻ) ഐഫോണ്‍ ആപ്പിള്‍ കയറ്റുമതി ചെയ്തു എന്നാണ് ഇന്‍ഡസ്ട്രി ഡേറ്റ പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏപ്രില്‍ -ഒക്ടോബര്‍ കാലയളവില്‍ മാത്രം ഓരോ മാസവും കമ്പനി കയറ്റുമതി ചെയ്തത് ഏകദേശം 8,450 കോടിരൂപയുടെ ഐഫോണുകളാണ്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ എക്കാലത്തെയും വലിയ റെക്കോര്‍ഡാണ് ഇന്ത്യയില്‍ ആപ്പിളിനുണ്ടായതെന്നും കമ്പനി സി.ഇ.ഒ. ടിം കുക്ക് പറഞ്ഞു.