കൊച്ചി: ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ പ്രമുഖ കാർ നിർമ്മാണ കമ്പനികളുടെ ലാഭത്തിൽ വൻകുതിപ്പ് ദൃശ്യമായി. മാരുതി സുസുക്കി മുതൽ വൈദ്യുതി വാഹനങ്ങളുടെ വരെ വില്പനയിൽ കമ്പനികൾ അസാധാരണമായ നേട്ടമാണുണ്ടാക്കുന്നത്.
ആഗോള വിപണിയിൽ സ്റ്റീൽ, അലുമുനിയം, റബർ, പ്ളാസ്റ്റിക് തുടങ്ങിയ അസംസ്കൃത സാധനങ്ങളുടെ വില കുത്തനെ കുറഞ്ഞതിനാൽ വില്പന മാർജിൻ കൂടിയതാണ് ലാഭത്തിൽ കുതിപ്പ് സൃഷ്ടിച്ചത്.
ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ അറ്റാദായം മൂന്നിരട്ടി വർദ്ധിച്ച് 17,407 കോടി രൂപയിലെത്തിയിരുന്നു. ഇക്കാലയളവിൽ മൊത്തം വരുമാനം 13 ശതമാനം ഉയർന്ന് 119,986.31 കോടി രൂപയിലെത്തി.
അസംസ്കൃത സാധനങ്ങളുടെ വിലയിലുണ്ടായ ഇടിവും കാര്യക്ഷമത കൂടിയതും വില്പനയിലുണ്ടായ മുന്നേറ്റവുമാണ് മികച്ച നേട്ടമുണ്ടാക്കാൻ ടാറ്റ മോട്ടോഴ്സിനെ സഹായിച്ചത്. ഓഹരി ഉടമകൾക്ക് ആറ് രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെയിൽ വിവിധ മോഡൽ വാഹനങ്ങളുടെ വില ടാറ്റ മോട്ടോഴ്സ് പലതവണ വർദ്ധിപ്പിച്ചിരുന്നു.
ഇക്കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ അറ്റാദായം 48 ശതമാനം ഉയർന്ന് 3,878 കോടി രൂപയിലെത്തി. ഇക്കാലയളവിൽ കമ്പനിയുടെ വരുമാനം 38,235 കോടി രൂപയിലെത്തി.
കയറ്റുമതിയിലും വില്പനയിലും അറ്റാദായത്തിലും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റെക്കാഡ് നേട്ടമാണുണ്ടാക്കിയതെന്ന് മാരുതി സുസുക്കി പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഈ കാലയളവിൽ കമ്പനി 20 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്.
മാരുതിയുടെ കയറ്റുമതി നടപ്പു സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം വാഹനങ്ങളുടെ കയറ്റുമതി കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാരുതി സുസുക്കി വിവിധ മോഡലുകളുടെ വില മൂന്ന് പ്രാവശ്യം വർദ്ധിപ്പിച്ചിരുന്നു. ഇതാണ് കമ്പനിയുടെ ലാഭം ഗണ്യമായി കൂടാൻ സഹായിച്ചത്.
ഓഹരിയൊന്നിന് നിക്ഷേപകർക്ക് 125 രൂപ ലാഭവിഹിതവും മാരുതി പ്രഖ്യാപിച്ചു.