
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുനരുപയോഗ ഊർജ സ്ഥാപിതശേഷി 1000 മെഗാവാട്ട് പിന്നിട്ടു. സൗരോർജം, കാറ്റിൽനിന്നുള്ള വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവയിൽനിന്നാണ് 1028 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിച്ചത്.
സംസ്ഥാനത്ത് സൗരോർജം, കാറ്റാടി, ചെറുകിട ജലവൈദ്യുത നിലയങ്ങൾ എന്നിവയിൽനിന്നു യഥാക്രമം 755 മെഗാവാട്ട്, 70 മെഗാവാട്ട്, 203 മെഗാവാട്ട് വീതം ഉത്പാദനശേഷി കൈവരിച്ചു.
രണ്ടുവർഷത്തിനിടെ പാരന്പര്യേതര ഊർജ രംഗത്ത് വലിയ മുന്നേറ്റമുണ്ടായി.
സൗരോർജത്തിൽനിന്ന് 451 മെഗാവാട്ടും ചെറുകിട ജലവൈദ്യുത പദ്ധതികളിൽനിന്ന് 38 മെഗാവാട്ടും കൂട്ടിച്ചേർത്തു. കാറ്റാടി നിലയങ്ങളിൽനിന്ന് 20 മെഗാവാട്ടിന്‍റെ പദ്ധതി നിർമാണം പുരോഗമിക്കുന്നു.
കേരളത്തിലെ പുരപ്പുറ സോളാർ ശേഷി 462 മെഗാവാട്ടായി വർധിച്ചു. സൗര പദ്ധതി വഴി 141 മെഗാവാട്ട് കൂട്ടിച്ചേർത്തു.
വൻകിട സൗരോർജ പദ്ധതികൾക്ക് സ്ഥലദൗർലഭ്യം പ്രതിസന്ധിയാകുന്നതിനാൽ പുരപ്പുറ സൗരോർജ നിലയങ്ങളിലൂടെ പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കാനാണു ലക്ഷ്യമിടുന്നത്.