മുംബൈ: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച വെച്ചത് പൊതുമേഖലാ ബാങ്ക് ഓഹരികളാണ്. നടപ്പു സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്ക് ഓഹരികള്‍ 96 ശതമാനം വരെ നേട്ടം നല്‍കി.
വായ്‌പാ വളര്‍ച്ച മെച്ചപ്പെട്ടതും ലാഭം ഉയര്‍ന്നതും വായ്‌പാ ചെലവ് കുറഞ്ഞതും പൊതുമേഖലാ ബാങ്കുകളുടെ ബിസിനസ് മെച്ചപ്പെടുന്നതിന് വഴിയൊരുക്കി. നിഫ്‌റ്റി പിഎസ് യു ബാങ്ക് സൂചിക 2022-23ല്‍ 30 ശതമാനത്തിലേറെയാണ് ഉയര്‍ന്നത്.
12 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റി പി എസ് യു ബാങ്ക് സൂചികയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയത് യൂകോ ബാങ്കാണ്- 96 ശതമാനം. നേട്ടത്തില്‍ ഏറ്റവും പുറകില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ ആണ്- മൂന്ന് ശതമാനം.
മറ്റെല്ലാ പൊതുമേഖലാ ബാങ്ക് ഓഹരികളും ഇരട്ടയക്ക നേട്ടം നല്‍കി. ഇന്ത്യന്‍ ബാങ്ക് 76 ശതമാനവും യൂണിയന്‍ ബാങ്ക് 60 ശതമാനവും പഞ്ചാബ് & സിന്ദ് ബാങ്ക് 55 ശതമാനവും ബാങ്ക് ഓഫ് ഇന്ത്യ 51 ശതമാനവുമാണ് ഉയര്‍ന്നത്.
അതേ സമയം കഴിഞ്ഞ മൂന്ന് മാസമായി പൊതുമേഖലാ ബാങ്ക് ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിടുകയാണ്. മൂന്ന് മാസത്തിനിടെ നിഫ്‌റ്റി പി എസ് യു ബാങ്ക് സൂചിക 15 ശതമാനത്തോളമാണ് ഇടിഞ്ഞത്.
അദാനി ഗ്രൂപ്പ് ഓഹരികള്‍ നേരിട്ട തകര്‍ച്ച പൊതുമേഖലാ ബാങ്ക് ഓഹരികളെയും ബാധിച്ചു. ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ മൊത്തം 65 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ആരോഗ്യകരമായ അറ്റ പലിശ വരുമാനമാണ് പൊതുമേഖലാ ബാങ്കുകളുടെ ലാഭം ഉയര്‍ത്തിയത്.
അതേ സമയം പലിശനിരക്ക് ഉയരുന്ന സാഹചര്യത്തില്‍ വായ്‌പാ വളര്‍ച്ച നിലവിലുള്ളതു പോലെ നിലനിര്‍ത്താനാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.
പൊതുമേഖലാ ബാങ്കുകളില്‍ ആഗോള ബ്രോക്കറേജുകള്‍ ശുപാര്‍ശ ചെയ്യുന്ന പ്രധാന ഓഹരി എസ്‌ബിഐ ആണ്.