
ന്യൂഡല്‍ഹി: കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകളുടെ ലാഭം 1.04 ലക്ഷം കോടി രൂപയായെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മുന്‍കാലയളവിനെ അപേക്ഷിച്ച് മൂന്നിരട്ടിയാണിത്. പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായം 2014 സാമ്പത്തിക വര്‍ഷത്തിലെ 36,270 കോടി രൂപയില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 1.04 ലക്ഷം കോടിരൂപയായി ഉയര്‍ന്നു, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
അതേസമയം ബാങ്കുകള്‍ വിജയത്തില്‍ അഭിരമിക്കരുതെന്ന് മന്ത്രി ഓര്‍മ്മിപ്പിക്കുന്നു. അവര്‍ മികച്ച കോര്‍പറേറ്റ് ഭരണ സമ്പ്രദായങ്ങള്‍ പിന്തുടരുകയും റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. കൂടാതെ വിവേക പൂര്‍ണമായ പണലഭ്യത മാനേജ്‌മെന്റ് ഉറപ്പാക്കേണ്ടതുണ്ട്.
ആസ്തികള്‍, റിസ്‌ക്ക് മാനേജ്‌മെന്റ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തിലെ ബുദ്ധിമുട്ടുകള്‍ സംഭവിച്ചത് യുക്തിരഹിതമായ ‘ഫോണ്‍ ബാങ്കിംഗ്’ കാരണമാണെന്ന് മന്ത്രിപറഞ്ഞു. ഇതുവഴി യോഗ്യരല്ലാത്ത ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുകയും അവ നിഷ്‌ക്രിയ ആസ്തികളായി പരിണമിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് തന്റെ സര്‍ക്കാര്‍ ആ സംവിധാനം പൊളിച്ചെഴുതിയെന്ന് അവര്‍ പറഞ്ഞു.