
മുംബൈ: ലാഭവര്‍ധന, വായ്പാ വളര്‍ച്ച, മാര്‍ജിനിലെ സ്ഥിരത തുടങ്ങിയ അനുകൂല ഘടകങ്ങള്‍ പൊതുമേഖലാ ബാങ്കുകളുടെ റേറ്റിംഗ് മെച്ചപ്പെടുന്നതിന് വഴിവെക്കുന്നു.
പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് ആയ മോത്തിലാല്‍ ഓസ്വാള്‍ മുന്‍നിര പൊതുമേഖലാ ഓഹരികളായ എസ് ബി ഐ, പി എന്‍ ബി, ബാങ്ക് ഓഫ് ബറോഡ എന്നിവയില്‍ ലക്ഷ്യമാക്കുന്ന വില ഉയര്‍ത്തി.
എസ് ബി ഐ, ബാങ്ക് ഓഫ് ബറോഡ എന്നീ ഓഹരികള്‍ വാങ്ങുക എന്ന ശുപാര്‍ശയാണ് മോത്തിലാല്‍ ഓസ്വാള്‍ നല്‍കുന്നത്. എസ്ബിഐയില്‍ ലക്ഷ്യമാക്കുന്ന ഓഹരി വില 700 രൂപയില്‍ നിന്ന് 800 രൂപയായി ഉയര്‍ത്തി. നിലവിലുള്ള വിലയില്‍ നിന്നും 23 ശതമാനം മുന്നേറ്റ സാധ്യതയാണ് മോത്തിലാല്‍ ഓസ്വാള്‍ കല്‍പ്പിക്കുന്നത്.
ബാങ്ക് ഓഫ് ബറോഡയില്‍ ലക്ഷ്യമാക്കുന്ന വില 240 രൂപയില്‍ നിന്നും 280 രൂപയായും പി എന്‍ ബിയില്‍ ലക്ഷ്യമാക്കുന്ന വില 130 രൂപയില്‍ നിന്നും 150 രൂപയായും ഉയര്‍ത്തി.
അതേ സമയം പി എന്‍ ബിക്ക് നല്‍കിയിരിക്കുന്നത് ന്യൂട്രല്‍ എന്ന റേറ്റിംഗാണ്. ഇന്ത്യന്‍ ബാങ്കില്‍ ലക്ഷ്യമാക്കുന്ന വില 460 രൂപയില്‍ നിന്ന് 525 രൂപയായി ഉയര്‍ത്തി.