
ഓഹരി വിപണിയിലെ ലാഭമെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ പി എസ് യു തീം മ്യൂച്വല്‍ ഫണ്ടുകള്‍ ഏകദേശം 18.81 ശതമാനം നഷ്ടം നേരിട്ടു. ക്വാണ്ട് പിഎസ്‌യു ഫണ്ടാണ് കഴിഞ്ഞ ആറ് മാസത്തിനിടെയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്.
ഏകദേശം 23.15 ശതമാനം ആണ് നഷ്ടം. അതേ കാലയളവില്‍ സിപിഎസ്‌ഇ ഇടിഎഫ് 20.12 ശതമാനവും ഇന്‍വെസ്‌കോ ഇന്ത്യ പിഎസ്‌യു ഇക്വിറ്റി ഫണ്ട് ഏകദേശം 19.41 ശതമാനവും നഷ്ടം നേരിട്ടു.
ആദിത്യ ബിര്‍ള സണ്‍ലൈഫ് പിഎസ്‌യു ഇക്വിറ്റി ഫണ്ട് കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 18.75 ശതമാനം നഷ്ടമാണ് നേരിട്ടത്. എസ്‌ബിഐ പിഎസ്‌യു ഫണ്ടും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ പിഎസ്‌യു ഇക്വിറ്റി ഫണ്ടും സമാന കാലയളവില്‍ യഥാക്രമം 16.06 ശതമാനവും 15.42 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
വിപണിയിലെ തിരുത്തലുകളും ആഗോള സാമ്പത്തിക അനിശ്ചിതത്വവും ശക്തമായ മുന്നേറ്റത്തിനു ശേഷമുള്ള ലാഭമെടുപ്പുമാണ് സമീപകാലത്തെ പി എസ് യു ഫണ്ടുകളുടെ ഇടിവിന് കാരണമായത്.
കഴിഞ്ഞ മൂന്ന് മാസ കാലയളവില്‍ ഈ ഫണ്ടുകള്‍ ശരാശരി 9.15 ശതമാനം നഷ്ടമാണ് നേരിട്ടത്.
ഇന്‍വെസ്‌കോ ഇന്ത്യ പിഎസ്‌യു ഇക്വിറ്റി ഫണ്ട് ഇതേ കാലയളവില്‍ ഏകദേശം 10.57 ശതമാനവും ക്വാണ്ട് പിഎസ്‌യു ഫണ്ട് 9.96 ശതമാനവും നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നും അഞ്ചും വര്‍ഷങ്ങളില്‍ ഈ ഫണ്ടുകളുടെ പ്രകടനം മികച്ചതായിരുന്നു. പിഎസ്‌യു ഫണ്ടുകള്‍ ശരാശരി 30.51 ശതമാനം നേട്ടമാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ നല്‍കിയത്. അഞ്ച് വര്‍ഷ കാലയളവില്‍ 26.16 ശതമാനം നേട്ടം നല്‍കി.
പിഎസ്‌യു ഫണ്ടുകളുടെ മികച്ച പ്രകടനത്തെ തുടര്‍ന്ന് നിരവധി നിക്ഷേപകര്‍ ഈ ഫണ്ടുകളില്‍ നിക്ഷേപിക്കുകയുണ്ടായി. എന്നാല്‍ സമീപകാലത്തുണ്ടായ നഷ്‌ടം ഈ നിക്ഷേപകരെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.
പൊതുമേഖലാ ഫണ്ടുകളില്‍ നിക്ഷേപം തുടരുന്നവര്‍ അല്‍പ്പം ജാഗ്രത പാലിക്കുന്നത് ഉചിതമായിരിക്കും. അതേ സമയം പരിഭ്രാന്തിയുടെ ആവശ്യമില്ല. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ നയിക്കുന്നതില്‍ ഒരു പ്രധാന പങ്ക് പൊതുമേഖലാ സ്ഥാപനങ്ങളാണ്.
അവയുടെ പ്രകടനം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെയും വിപണി സാഹചര്യങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്.