മുംബൈ: ധര്‍മ്മജ് ക്രോപ് ഗാര്‍ഡിന്റെയും യൂണിപാര്‍ട്ട്‌സ് ഇന്ത്യയുടേയും ഐപിഒ കള്‍ വരുന്നയാഴ്ച നടക്കും. 1000 കോടിയിലധികം രൂപയാണ് ഇരു കമ്പനികളും ചേര്‍ന്ന് സമാഹരിക്കുക. എട്ട് കമ്പനികള്‍ ഇതിനകം 9,500 കോടി രൂപ ഈ മാസം പ്രാഥമിക വിപണിയില്‍ നിന്ന് ശേഖരിച്ചുകഴിഞ്ഞു.
ധര്‍മ്മജ് ക്രോപ് ഗാര്‍ഡ്
216 കോടി രൂപ ഫ്രഷ് ഇഷ്യൂവിലൂടെയും 35.15 കോടി രൂപ ഓഫര്‍ ഫോര്‍ സെയിലിലൂടെയും സമാഹരിക്കാനാണ് പദ്ധതി. മൊത്തം സ്വരൂപിക്കുന്ന തുക 251 കോടി രൂപ.വീനസ് പൈപ്പ്‌സ് ആന്റ് ട്യൂബ്‌സിന്റെ 165 കോടി രൂപയ്ക്ക് ശേഷം നടക്കുന്ന ചെറിയ ഐപിഒയാണ് ഇത്.
നവംബര്‍ 28ന് ഓപ്പണ്‍ ചെയ്ത് 30 ന് അവസാനിക്കുന്ന രീതിയിലാണ് സബ്‌സ്‌ക്രിപ്ഷന്‍. പ്രൈസ് ബാന്‍ഡ് 216-327 രൂപ. 2015 ല്‍ സ്ഥാപിതമായ ധര്‍മ്മജ് ക്രോപ് ഗാര്‍ഡ് അഗ്രോ കെമിക്കല്‍ ഫോര്‍മുലേഷനുകളുടെ ഉത്പാദകരും വിതരണക്കാരുമാണ്.
വളങ്ങള്‍, ആന്റിബയോടിക്കുകള്‍, കീടനാശിനികള്‍ തുടങ്ങിയവയാണ് ഉത്പന്നങ്ങള്‍. 2022 സാമ്പത്തിക വര്‍ഷത്തില്‍ ലാഭം 37 ശതമാനം ഉയര്‍ത്തി 28.69 കോടി രൂപയാക്കി. 394.2 കോടി രൂപയാണ് വരുമാനം.
പ്രതിവര്‍ഷ വര്‍ധന 30 ശതമാനം. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ 18.36 കോടി രൂപയുടെ ലാഭം രേഖപ്പെടുത്താനും സാധിച്ചു. വരുമാനം 220.9 കോടി രൂപ. ഗുജ്‌റാത്തിലെ സെയ്ഖയില്‍ ഉത്പാദന ശാല നിര്‍മ്മിക്കാന്‍ ഫ്രഷ് ഇഷ്യു തുക ഉപയോഗിക്കുമെന്ന് കമ്പനി അറിയിക്കുന്നു.
മൂലധന ആവശ്യങ്ങള്‍ക്കും കടം വീട്ടാനും തുക വിനിയോഗിക്കും.
യൂണിപാര്‍ട്ട്‌സ് ഇന്ത്യ
എഞ്ചിനിയേര്‍ഡ് സിസ്റ്റംസിന്റെ നിര്‍മ്മാതാക്കളാണ് കമ്പനി. ഐപിഒ നവംബര്‍ 30 നാരംഭിച്ച് ഡിസംബര്‍ 2 ന് അവസാനിക്കും. പ്രമോട്ടര്‍മാര്‍ തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒ.
നിക്ഷേപകരായ അശോക ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സ്, അംബാദേവി മൗറീഷ്യസ് ഹോള്‍ഡിംഗ് എന്നിവ യഥാക്രമം 7.18 ദശലക്ഷം ഓഹരികളും 2.154 ദശലക്ഷം ഓഹരികളും വിറ്റഴിച്ച് കമ്പനി വിടും. ഓഹരിയൊന്നിന് 548-577 രൂപയാണ് പ്രൈസ് ബാന്‍ഡ്. മൊത്തം സമാഹരിക്കുന്ന തുക 836 കോടി രൂപ.
മേദാന്ത സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പാരന്റിംഗ് കമ്പനിയായ ഗ്ലോബല്‍ ഹെല്‍ത്ത്, ഫൈവ് സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ്, ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ്, ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ് എന്നിവ ഈ മാസം ഐപിഒ നടത്തിയ കമ്പനികളില്‍ ഉള്‍പ്പെടുന്നു. മെയ്മാസത്തിനുശേഷം ഏറ്റവും കൂടുതല്‍ ഐപിഒകള്‍ നടന്നമാസമാണ് നവംബര്‍. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ലോജിസ്റ്റിക്‌സ് സ്ഥാപനമായ ഡല്‍ഹിവെറിയും ഉള്‍പ്പെടെ എട്ട് കമ്പനികള്‍ മെയ് മാസത്തില്‍ 30,000 കോടിയിലധികം രൂപ സമാഹരിച്ചിരുന്നു.