പൗരൻമാരുടെ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും, അവരെ നിക്ഷേപത്തിലേക്ക് പ്രേരിപ്പിക്കുന്നതിനുമായി സർക്കാർ നിരവധി സമ്പാദ്യ പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്.
പിപിഎഫ്, എൻ എസ് സി, സുകന്യസമൃദ്ധിയോജന പോലുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ മൂന്ന് മാസം കൂടുമ്പോഴാണ് സർക്കാർ പുതുക്കുന്നത്.
പിപിഎഫ് നിക്ഷേപമുള്ളവർ പലിശ നിരക്ക് വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, 2020 ഏപ്രിൽ മുതൽ ഇത് മാറ്റമില്ലാതെ തുടരുകയാണ്.
സെപ്റ്റംബർ 30 ഓടെ അടുത്ത പാദത്തിലേക്കുള്ള പലിശ നിരക്ക് കേന്ദ്രധനകാര്യ മന്ത്രാലയം പ്രഖ്യാപിക്കും. പിപിഎഫ് ഉൾപ്പെടെയുള്ള ചെറുകിട സമ്പാദ്യപദ്ധതികളുടെ പലിശനിരക്കിൽ നിക്ഷേപകർ വർദ്ധനവ് പ്രതീക്ഷിക്കുന്നുമുണ്ട്. നിലവിലെ സാഹചര്യത്തിൽ പിപിഎഫ് പലിശ നിരക്ക് വർധിക്കുമോയെന്നും, വിശദാംശങ്ങളും നോക്കാം.
പിപിഎഫ്, സീനിയർ സിറ്റിസൺ സേവിംഗ് സ്കീം, നാഷണൽ സേവിംഗ് സ്കീം തുടങ്ങിയ നിക്ഷേപപദ്ധതികളുടെ പലിശനിരക്കിൽ വരാനിരിക്കുന്ന പാദത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
നിലവിലെ സാഹചര്യത്തിൽ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയില്ലെന്നാണ് സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനറായ രാകേഷ് ഗോയലിന്റ വിലയിരുത്തൽ.
പിപിഎഫ് നിരക്ക് വർധിപ്പിക്കാത്തതിന് കാരണമെന്ത്?
പിപിഎഫിന്റെ നികുതി ആനുകൂല്യങ്ങൾ തന്നെയാണ് അതിനെ നിക്ഷേപകർക്ക് ആകർഷകമായ ഒരു പദ്ധതിയാക്കുന്നതിന് കാരണം.
കഴിഞ്ഞ രണ്ട് പാദങ്ങളിലായി മറ്റു ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ വര്‍ധിച്ചപ്പോഴും, പിപിഎഫ് പലിശ നിരക്ക് വർധിപ്പിക്കാത്തതിന്റെ കാരണങ്ങളിലൊന്നും ആകർഷകമായ നികൂതി ആനുകൂല്യം തന്നെയാണ്.
ധനവിപണിയുടെ അവസ്ഥ, ഗവൺമെന്റിന്റെ ബജറ്റ് നയങ്ങൾ, സമ്പദ്‌വ്യവസ്ഥയുടെ പൊതു അവസ്ഥ തുടങ്ങി നിരവധി കാര്യങ്ങൾ കൂടി കണക്കിലെടുത്താണ് ലഘുസമ്പാദ്യപദ്ധതികളുടെ പലിശനിരക്ക് പുതുക്കുന്നത്.
പിപിഎഫ് -പലിശനിരക്ക്
പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അഥവാ പിപിഎഫ്.. സാമ്പത്തിക വർഷം 500 രൂപ നിക്ഷേപിച്ചുകൊണ്ട് പിപിഎഫ് പദ്ധതിയിൽ അംഗമാകാം.
പരമാവധി പരിധി 1.5 ലക്ഷം രൂപയാണ് അടക്കേണ്ടത്. പിപിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ് (ജൂലൈ-സെപ്റ്റംബർ പാദത്തിൽ).
ഓരോ സാമ്പത്തിക പാദത്തിലും കേന്ദ്രസര്‍ക്കാരാണ് പിപിഎഫ് നിക്ഷേപിത്തിനുള്ള പലിശ നിരക്ക് നിശ്ചയിക്കുന്നത്.