കൊച്ചി: സാമ്പത്തിക മേഖലയുടെ മികച്ച പ്രകടനവും റിസർവ് ബാങ്കിന്റെ കടുത്ത നിയന്ത്രണങ്ങളും മൂലം ഇന്ത്യയിലെ പൊതു മേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഗണ്യമായി കുറയുന്നു, ആറു വർഷം മുൻപ് ബാങ്കുകളുടെ നിലനിൽപ്പിനെ പോലും പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ കുമിഞ്ഞ് കൂടിയ നിഷ്ക്രിയ ആസ്തികൾ വലിയ തോതിൽ കുറഞ്ഞതോടെ ബാങ്കുകളുടെ പ്രവർത്തന ലാഭത്തിലും വൻ വർദ്ധനയാണ് ദൃശ്യമാകുന്നത്.
നിഷ്ക്രിയ ആസ്തികൾക്ക് ആനുപാതികമായി ബാങ്കുകൾ വലിയ തുക പ്രൊവിഷനിംഗ് നടത്തേണ്ടി വന്നതാണ് മുൻകാലങ്ങളിൽ ബാങ്കുകളെ വൻ നഷ്ടത്തിലേക്ക് മൂക്കുകുത്തിച്ചത്.
എന്നാൽ കോവിഡ് കാലത്തിനു ശേഷം റിസർവ് ബാങ്ക് നിഷ്ക്രിയ ആസ്തികൾ റിപ്പോർട്ടു ചെയ്യുന്നതിലും കിട്ടാക്കടങ്ങൾ പിരിച്ചെടുക്കുന്നതിനും കടുത്ത മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതോടെ ബാങ്കുകൾ ഏറെ ശ്രദ്ധയോടെ വായ്പകൾ നൽകാൻ തുടങ്ങിയതാണ് ഈ രംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നത്.
നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ആറുമാസക്കാലയളവിൽ മുൻനിര പൊതു മേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്. ബി. ഐ), ബാങ്ക് ഒഫ് ബറോഡ, യൂണിയൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ തുടങ്ങിയവയുടെ നിഷ്ക്രിയ ആസ്തിയിൽ വൻ ഇടിവുണ്ടായി.
എസ്ബിഐയുടെ മൊത്തം നിഷ്ക്രിയ ആസ്തി സെപ്തംബർ 30 ന് അവസാനിച്ച കാലയളവിൽ മൊത്തം വായ്പയുടെ 2.55 ശതമാനമായാണ് കുറഞ്ഞത്. മുൻവർഷം ഇതേകാലയളവിലിത് 3.52 ശതമാനമായിരുന്നു.
ബാങ്കിന്റെ പ്രൊവിഷനിംഗ് മുൻവർഷം 3039 കോടി രൂപയിൽ നിന്നും 115.28 കോടി രൂപയായി കുറഞ്ഞു. ഇതോടെ എസ്. ബി. ഐയുടെ അറ്റാദായം മുൻവർഷം ഇതേകാലയളവിനേക്കാൾ എട്ടു ശതമാനം ഉയർന്ന് 14,330 കോടി രൂപയിലെത്തി.
ഇതേകാലയളവിൽ ബാങ്ക് ഒഫ് ബറോഡയുടെ മൊത്തം നിഷ്ക്രിയ ആസ്തി 5.31 ശതമാനത്തിൽ നിന്നും 3.32 ശതമാനത്തിലേക്ക് താഴ്ന്നു. പഞ്ചാബ് നാഷണൽ ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി സെപ്തംബർ 30 ന് അവസാനിച്ച കാലയളവിൽ 8.74 ശതമാനത്തിൽ നിന്നും 7.73 ശതമാനമായി താഴ്ന്നു.
പലിശ നിരക്കിലുണ്ടായ വർദ്ധനയും സാമ്പത്തിക മേഖലയിലെ മികച്ച പ്രകടനവും രാജ്യത്തെ പൊതു മേഖലാ ബാങ്കുകളുടെ ലാഭം ഉയർത്തുന്നു. നാണയപ്പെരുപ്പം നേരിടുന്നതിനായി റിസർവ് ബാങ്ക് കഴിഞ്ഞ വർഷം മേയ് മാസത്തിനു ശേഷം തുടർച്ചയായി ആറു തവണയായി മുഖ്യ പലിശ നിരക്കായ റിപ്പോ 2.5 ശതമാനം വർദ്ധിപ്പിച്ചതാണ് ബാങ്കുകൾക്ക് വൻ നേട്ടം സൃഷ്ടിച്ചത്.
എസ്. ബി. ഐയുടെ ലാഭം ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ എട്ടു ശതമാനം ഉയർന്നു.
ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായം അവലോകന കാലയളവിൽ 52 ശതമാനം വർദ്ധനയോടെ 1458 കോടി രൂപയിലെത്തി. പഞ്ചാബ് നാഷണൽ ബാങ്കിന്റെ അറ്റാദായം ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ 327 ശതമാനം ഉയർന്ന് 1,756 കോടി രൂപയായി.