കൊച്ചി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പൊതുമേഖലാ ബാങ്കുകള്‍ (പിഎസ്ബി) അറ്റാദായത്തില്‍ 26 ശതമാനം വളര്‍ച്ചയും ബിസിനസ്സിലെ വര്‍ധനയും നിഷ്‌ക്രിയ ആസ്തികളില്‍ (എന്‍പിഎ) ഇടിവും രേഖപ്പെടുത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുള്‍പ്പെടെ 12 പൊതുമേഖലാ ബാങ്കുകളുടെ മൊത്തത്തിലുള്ള ബിസിനസ്സ് ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 236.04 ലക്ഷം കോടി രൂപയായിരുന്നു. ഇത് 11 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.
2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ ക്രെഡിറ്റ്, ഡെപ്പോസിറ്റ് പോര്‍ട്ട്ഫോളിയോ 12.9 ശതമാനവും 9.5 ശതമാനവും യഥാക്രമം 102.29 ലക്ഷം കോടി രൂപയും 133.75 ലക്ഷം കോടി രൂപയുമായി വളര്‍ന്നു.
ഇക്കാലയളവിലെ പ്രവര്‍ത്തന ലാഭം 1,50,023 കോടി രൂപയും(14.4 ശതമാനം വാര്‍ഷിക വളര്‍ച്ച), അറ്റാദായം 85,520 കോടി രൂപയുമാണ്.
ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങളും നിരന്തര നിരീക്ഷണവും നിരവധി ആശങ്കകളും വെല്ലുവിളികളും പരിഹരിച്ചതായി ധനമന്ത്രാലയം അറിയിച്ചു.
വായ്പാ അച്ചടക്കം, പിരിമുറുക്കമുള്ള ആസ്തികള്‍ തിരിച്ചറിയല്‍, പരിഹരിക്കല്‍, ഉത്തരവാദിത്ത വായ്പ, മെച്ചപ്പെട്ട ഭരണം എന്നിവയ്ക്കായി മെച്ചപ്പെട്ട സംവിധാനങ്ങള്‍ സജ്ജീകരിച്ചതായും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.