കൊച്ചി: രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് പെട്രോൾ, ഡീസൽ എന്നിവയുടെ വില വർദ്ധിപ്പിക്കാനാവാത്തതിനാൽ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ കടുത്ത വെല്ലുവിളി നേരിടുന്നു.
ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില 90 ഡോളറിനടുത്ത് തുടരുന്നതും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ റെക്കാഡ് തകർച്ചയുമാണ് എണ്ണ കമ്പനികളുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നത്.
രാജ്യത്തെ ഭക്ഷ്യ, കൺസ്യൂമർ ഉത്പന്ന വിപണികളിൽ വിലക്കയറ്റം രൂക്ഷമായതിനാൽ രണ്ട് വർഷമായി പ്രധാന പെട്രോളിയം ഉത്പന്നങ്ങളായ പെട്രോൾ, ഡീസൽ എന്നിവയുടെ വില വർദ്ധന കേന്ദ്ര സർക്കാർ ഇടപെട്ട് പൂർണമായും മരവിപ്പിച്ചിരുന്നു.
എന്നാൽ ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾ മൂലം ഈ ഉത്പന്നങ്ങളുടെ ഉത്പാദന ചെലവ് ഗണ്യമായി കൂടുകയാണെന്ന് കമ്പനികൾ അവകാശപ്പെടുന്നു.
ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസക്കാലയളവിൽ രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷന്റെ (ബി.പി.സി.എൽ) അറ്റാദായം 22.5 ശതമാനം കുറഞ്ഞ് 8243.7 കോടി രൂപയിലെത്തി.
കമ്പനിയുടെ വരുമാനം ഇക്കാലയളവിൽ 9.5 ശതമാനം ഇടിഞ്ഞ് 1.03 ലക്ഷം കോടി രൂപയിലെത്തി. മാർച്ച് മാസത്തിനു ശേഷം ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞതിനാലാണ് കഴിഞ്ഞ ആറു മാസക്കാലയളവിൽ ലാഭം നേടാൻ എണ്ണക്കമ്പനികൾക്ക് ലാഭത്തിൽ തുടരാൻ അവസരമൊരുക്കിയത്.
എന്നാൽ സെപ്തംബറിനു ശേഷം ക്രൂഡോയിൽ വില തുടർച്ചയായി മുകളിലേക്ക് നീങ്ങുന്നതിനാൽ പെട്രോൾ, ഡീസൽ തുടങ്ങിയ ഉത്പന്നങ്ങളുടെ ഉത്പാദന ചെലവ് കുതിച്ചുയരുകയാണെന്ന് കമ്പനികൾ പറയുന്നു.
നിലവിൽ പെട്രോൾ, ഡീസൽ എന്നിവ ഉത്പാദന ചെലവിനേക്കാൾ ലിറ്ററിന് നാല് മുതൽ എട്ട് രൂപ വരെ കുറച്ചാണ് വിൽക്കുന്നതെന്നും അവർ പറയുന്നു.