ന്യൂഡല്‍ഹി: 2022 ല്‍ 87 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന്റേത്. ശരാശരി 15 ശതമാനം വര്‍ധനവ് കൂടി ഓഹരിയില്‍ പ്രതീക്ഷിക്കുകയാണ് അനലിസ്റ്റുകള്‍. നിലവില്‍ 84,800 കോടി രൂപയുടെ ഓര്‍ഡറുകളാണ് കമ്പനിയ്ക്കുള്ളതെന്ന് അവര്‍ നിരീക്ഷിക്കുന്നു.
കഴിഞ്ഞ 12 മാസ വരുമാനത്തേക്കാള്‍ മൂന്നിരട്ടിയാണിത്. ഉയര്‍ന്ന കയറ്റുമതി ലാഭ്യസാധ്യത ഉയര്‍ത്തുകയും അത് ഓഹരി നേട്ടത്തില്‍ പ്രതിഫലിക്കുകയും ചെയ്യും. ഐസിഐസിഐ ഡയറക്ടിന്റെ നിഗമന പ്രകാരം, സാമ്പത്തികവര്‍ഷം 2023 ല്‍ ഓര്‍ഡര്‍ ഒരു ലക്ഷം കോടി കവിയും.
1.2 ലക്ഷം കോടി രൂപയുടെ നിര്‍മ്മാണത്തിനൊപ്പം അറ്റകുറ്റപ്പണികളുടേയും പൂര്‍ണ്ണമായ അഴിച്ചുപണിയുടേയും ഓര്‍ഡറുകള്‍ വേറെയുമുണ്ട്. 2025 ല്‍ കമ്മീഷന്‍ പ്രതീക്ഷിക്കുന്ന തേജസ് വിമാനത്തിന്റെ നിര്‍മ്മാണം ഇതില്‍ ഉള്‍പ്പെടുന്നു. വരുമാനവും ഇബിറ്റയും യഥാക്രമം 7.7 ശതമാനം 14.1 ശതമാനവും ഉയരുമെന്ന് ബ്രോക്കറേജ് കണക്കുകൂട്ടുന്നു.
നികുതി കഴിച്ചുള്ള വരുമാനത്തില്‍ 10 ശതമാനം വര്‍ദ്ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐസിഐസിഐ ഡയറക്ട് 2665 രൂപയും ആഗോള ബ്രോക്കറേജ് സ്ഥാപനം മോര്‍ഗന്‍ സ്റ്റാന്‍ലി ഓവര്‍ വെയ്‌റ്റോടുകൂടിയ 2570 രൂപയും എലാറ സെക്യൂരിറ്റീസ് 2650 രൂപയും ഓഹരിയ്ക്ക് ലക്ഷ്യവിലകള്‍ നിശ്ചയിക്കുന്നു.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്, ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ എയ്‌റോസ്‌പേസ്, ഡിഫന്‍സ് കമ്പനിയാണ്. പഴക്കമേറിയതും വലുതുമായ ബഹിരാകാശപ്രതിരോധ നിര്‍മ്മാതാക്കളില്‍ ഒന്നാണ് 1940 ഡിസംബര്‍ 23 ന് സ്ഥാപിതമായ എച്ച്എഎല്‍. ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. ( വിപണി മൂല്യം 53515.38 കോടി രൂപ).
മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി 12061.79 കോടി രൂപയുടെ വരുമാനം നേടി.തൊട്ടുമുന്നത്തെ പാദത്തേക്കാള്‍ 98.10 ശതമാനം കൂടുതലാണിത്. ലാഭം 3103.9 കോടി രൂപയാക്കാനും കമ്പനിയ്ക്കായി. 75.15 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്.
13.21 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 8.16 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.