പ്രതീക്ഷിച്ചതു പോലെ ബജറ്റില്‍ സര്‍ക്കാരിന്റെ മൂലധന ചെലവ് ഉയര്‍ത്താത്തിനെ തുടര്‍ന്ന് പൊതുമേഖലാ ഓഹരികളിലെ ഇടിവ് തുടരുന്നു. റെയില്‍വേ, പ്രതിരോധം, കപ്പല്‍ നിര്‍മാണം, ഊര്‍ജം എന്നീ മേഖലകളിലെ ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ശക്തമായ ഇടിവിന് വിധേയമായി.
ബജറ്റില്‍ വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനായി പൊതുമേഖലയിലെ സര്‍ക്കാരിന്റെ മൂലധന ചെലവ് വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞയാഴ്‌ച റെയില്‍വേ, പ്രതിരോധം, കപ്പല്‍ നിര്‍മാണം, ഊര്‍ജം എന്നീ മേഖലകളിലെ ഓഹരികള്‍ മുന്നേറ്റം നടത്തിയിരുന്നു.
എന്നാല്‍ മൂലധന ചെലവ് വിഹിതത്തില്‍ കാര്യമായ വര്‍ധനവ് വരുത്താത്തതിനെ തുടര്‍ന്ന് ബജറ്റ് ദിനമായ ശനിയാഴ്‌ച തന്നെ ഈ മേഖലകളിലെ ഓഹരികള്‍ ശക്തമായ ഇടിവ് നേരിട്ടു. ഇന്നും ഈ ഓഹരികളില്‍ വില്‍പ്പന തുടര്‍ന്നു.
ഊര്‍ജ മേഖലയിലെ പൊതുമേഖലാ കമ്പനികളായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, എന്‍ടിപിസി എന്നിവയുടെ ഓഹരികള്‍ യഥാക്രമം മൂന്ന് ശതമാനവും നാല് ശതമാനവും ഇടിവിന് വിധേയമായി.
പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഇലക്‌ട്രോണിക്‌സ്, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, ഭാരത് ഡയനാമിക്‌സ് എന്നീ ഓഹരികള്‍ അഞ്ച് ശതമാനം മുതല്‍ എട്ട് ശതമാനം വരെയാണ് നഷ്‌ടം രേഖപ്പെടുത്തിയത്.
ഐആര്‍എഫ്‌സി, ആര്‍വിഎന്‍എല്‍, ഇര്‍കോണ്‍, ടിറ്റാഗഡ് തുടങ്ങിയ റെയില്‍വേ ഓഹരികള്‍ ആറ് ശതമാനം മുതല്‍ എട്ട് ശതമാനം വരെ വില ഇടിവാണ് നേരിട്ടത്.
കപ്പല്‍ നിര്‍മാണ കമ്പനികളായ മാസഗോണ്‍ ഡോക്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ജിആര്‍എസ്‌ഇ എന്നിവയുടെ ഓഹരികളിലും അഞ്ച് ശതമാനം മുതല്‍ എട്ട് ശതമാനം വരെ ഇടിവുണ്ടായി.
കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാരിന്റെ മൂലധന നിക്ഷേപമായി വകയിരുത്തിയ തുകയില്‍ ഒരു ലക്ഷം കോടി രൂപ ചെലവഴിക്കാന്‍ സാധിച്ചിട്ടില്ല.
കാര്യക്ഷമത കുറവും മറ്റ് പ്രതിബന്ധങ്ങളും മൂലമാണ് പൊതുമേഖലയിലെ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കാലതാമസമുണ്ടാകുന്നത്.
ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ മൂലധന ചെലവിനായുള്ള വിഹിതം ഉയര്‍ത്തിയതുകൊണ്ടു പ്രയോജനമില്ലെന്ന തിരിച്ചറിവാണ് ബജറ്റിലെ അപ്രതീക്ഷിത നീക്കത്തിനു പിന്നില്‍.