മോസ്കോ: ആരോഗ്യ മേഖലയിൽ സുപ്രധാന പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. കാൻസറിനുള്ള വാക്സിന് പുറത്തിറക്കുന്നതിന് തൊട്ടരികിലാണ് റഷ്യന് ശാസ്ത്രജ്ഞരെന്നാണ് പ്രഖ്യാപനം.
കാൻസർ വാക്സിനുകളെന്നോ രോഗത്തെ പ്രതിരോധിക്കാന് സാധിക്കുന്ന പുതിയ തലമുറ മരുന്നെന്നോ വിളിക്കപ്പെടുന്നവയുടെ നിര്മാണത്തോട് ഞങ്ങള് അടുത്തിരിക്കുന്നു’ – പുതിന് പറഞ്ഞു. വൈകാതെ അത് വ്യക്തിഗത ചികിത്സയ്ക്ക് ഫലപ്രദമായി ഉപയോഗിക്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പുതിന് കൂട്ടിച്ചേര്ത്തു.
ആധുനിക സാങ്കേതികവിദ്യകള് സംബന്ധിച്ച ഒരു ഫോറത്തില് സംസാരിക്കുകയായിരുന്നു റഷ്യന് പ്രസിഡന്റ്. ഏത് തരത്തിലുള്ള കാൻസറിനുള്ളതാണ് നിര്ദ്ദിഷ്ട വാക്സിനെന്നോ, അതിന്റെ മറ്റുവിവരങ്ങളോ പുതിന് വെളിപ്പെടുത്തിയിട്ടില്ല.
നിരവധി രാജ്യങ്ങളും കമ്പനികളും കാൻസർ വാക്സിനായുള്ള പരീക്ഷണങ്ങള് ഇതിനോടകം നടത്തിവരുന്നുണ്ട്.
കാൻസർ ചികിത്സയുമായി ബന്ധപ്പെട്ടുള്ള ക്ലിനിക്കല് പരീക്ഷണങ്ങള് ആരംഭിക്കുന്നതിന് ജര്മനി ആസ്ഥാനമായുള്ള ബയോഎന്ടെക്കുമായി യുകെ സര്ക്കാര് കഴിഞ്ഞ വര്ഷം കരാറില് ഒപ്പുവച്ചിരുന്നു.