മുംബൈ: എതിരാളിയായ ഇനോക്‌സ് ലെഷറുമായുള്ള ലയനത്തിന് അനുമതി തേടുന്നതിന് ഓഹരി ഉടമകളുടെയും കടക്കാരുടെയും യോഗം വിളിച്ച് മൾട്ടിപ്ലെക്‌സ് ഓപ്പറേറ്ററായ പിവിആർ. 2022 ഒക്‌ടോബർ 11-നാണ് കമ്പനി ഓഹരി ഉടമകളുടെയും കടക്കാരുടെയും യോഗം വിളിച്ചിരിക്കുന്നത്.
നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) മുംബൈ ബെഞ്ച് ലയനം സംബന്ധിച്ച് ഒരു മീറ്റിംഗ് ഷെഡ്യൂൾ ചെയ്യാൻ പിവിആറിനോട് ആവശ്യപ്പെട്ടിരുന്നു. അതെ തുടർന്നാണ് കമ്പനിയുടെ ഈ നീക്കം.
എൻസിഎൽടി ഓർഡറിന് അനുസൃതമായി ഇക്വിറ്റി ഷെയർഹോൾഡർമാരുടെ മീറ്റിംഗുകൾ വീഡിയോ കോൺഫറൻസിംഗിലൂടെയോ മറ്റ് ഓഡിയോ വിഷ്വൽ മാർഗങ്ങളിലൂടെയോ 2022 ഒക്ടോബർ 11 ചൊവ്വാഴ്ച 11 മണിക്ക് നടത്തുമെന്ന് പിവിആർ എക്സ്ചേഞ്ചുകളെ അറിയിച്ചു. ഒപ്പം കമ്പനിയുടെ സുരക്ഷിത കടക്കാരുടെ ഓഫ്‌ലൈൻ മീറ്റിംഗ് അതേ ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് മുംബൈയിലെ പിവിആറിന്റെ ഓഫീസിൽ നടക്കുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.
ഈ വർഷം ജൂണിൽ പിവിആറും ഇനോക്‌സ് ലെഷറും തമ്മിലുള്ള ലയനത്തിന് എൻഎസ്‌ഇ, ബിഎസ്‌ഇ എന്നിവയിൽ നിന്ന് അനുമതി ലഭിച്ചിരുന്നു. വികസിത വിപണികൾക്ക് പുറമെ ടയർ III, IV, V നഗരങ്ങളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതായി 1,500-ലധികം സ്‌ക്രീനുകളുടെ ശൃംഖലയുള്ള രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖല സൃഷ്ടിക്കുന്നതിനായി കഴിഞ്ഞ മാർച്ചിൽ കമ്പനികൾ ലയനം പ്രഖ്യാപിച്ചിരുന്നു.