ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ പിവിആര്‍ ഇനോക്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 44.1 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 68.3 കോടി രൂപ ലാഭം നേടിയ സ്ഥാനത്താണിത്.
ഹിന്ദി സിനിമകളുടെ ശരാശരിയിലും താഴെയുള്ള പ്രകടനം, പ്രേക്ഷകരുടെയും സിനിമാ പരസ്യ വരുമാനത്തിന്റെയും കുറവ് എന്നിവയാണ് പ്രകടനത്തെ ബാധിച്ചത്. തുടര്‍ച്ചയായി നോക്കുമ്പോള്‍ നഷ്ടം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. മാര്‍ച്ച് പാദത്തില്‍ കമ്പനി 285.7 കോടി രൂപ നഷ്ടം നേരിട്ടിരുന്നു.
മാത്രമല്ല, വിദഗദ്ധര്‍ പ്രതീക്ഷിച്ചതിലും താഴെയാണ് കമ്പനി നേരിട്ട നഷ്ടം. 91 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. വരുമാനം 31.7 ശതമാനമുയര്‍ത്തി 1266.6 കോടി രൂപയാക്കിയ കമ്പനി, ഇക്കാര്യത്തിലും പ്രതീക്ഷകളെ മറികടന്നു. 13 ശതമാനം വര്‍ദ്ധനവ് മാത്രമാണ് വരുമാനത്തില്‍ പ്രതീക്ഷിച്ചിരുന്നത്.
0.54 ശതമാനം ഉയര്‍ന്ന് 1565.45 രൂപയിലാണ് കമ്പനി ഓഹരി ക്ലോസ് ചെയ്തത്.