മുംബൈ: ഫിലിം എക്‌സിബിഷൻ കമ്പനിയായ പിവിആർ സിനിമാസ് 2023 സാമ്പത്തിക വർഷത്തിൽ 100 പുതിയ സ്‌ക്രീനുകൾ തുറക്കുന്നതിനായി 350 കോടി രൂപ വരെ നിക്ഷേപിക്കുമെന്ന് ഒരു ഉന്നത കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു. ഐനോക്‌സ് ലെഷറുമായുള്ള മെഗാ ലയനം 2023 ഫെബ്രുവരിയോടെ പൂർത്തിയാകുമെന്നും. അതിനുശേഷം കമ്പനി ഒരു സംയുക്ത ബിസിനസായി പ്രവർത്തിക്കാൻ തുടങ്ങുമെന്നും പിവിആറിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ഗൗതം ദത്ത പറഞ്ഞു.
ഏപ്രിൽ-ജൂൺ പാദത്തിലെ കമ്പനിയുടെ പ്രകടനം ചൂണ്ടിക്കാട്ടി, സിനിമാ അനുഭവം ആസ്വദിക്കാൻ പ്രേക്ഷകർ വീണ്ടും തിയേറ്ററുകളിലേക്ക് വരുന്നുണ്ടെന്നും ഇത് വിപുലീകരണം നടപ്പിലാക്കാൻ കൂടുതൽ ആത്മവിശ്വാസം നൽകുന്നതായും അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിൽ 100 സ്‌ക്രീനുകൾ തുറക്കാൻ കമ്പനി 350 കോടി രൂപ വരെ നിക്ഷേപിക്കുമെന്നും. അടുത്ത 2-3 വർഷം ഈ നിലയ്ക്ക് നിക്ഷേപം തുടരുമെന്നും ദത്ത പറഞ്ഞു.
പുതിയ സ്‌ക്രീനുകളിൽ 60 ശതമാനവും കമ്പനിക്ക് ഇതിനകം സാന്നിധ്യമുള്ള നഗരങ്ങളിലായിരിക്കും സ്ഥാപിക്കുക. പ്രവർത്തനം വിപുലീകരിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ റൂർക്കേല, ഡെറാഡൂൺ, വാപി, ചെന്നൈ, കോയമ്പത്തൂർ, തിരുവനന്തപുരം, അഹമ്മദാബാദ് എന്നി നഗരങ്ങൾ ഉൾപ്പെടുന്നു.
അതേസമയം നിലവിൽ സ്ഥാപനത്തിന് 1,450 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്‌ക്രീൻ തുറക്കുന്നതിന് ഇപ്പോൾ 3.5 കോടി രൂപയാണ് ചെലവ്. ആദ്യ പാദത്തിൽ പിവിആറിന് 2.5 ലക്ഷം പ്രേക്ഷകരെ ലഭിച്ചു. കൂടാതെ ഈ കാലയളവിൽ കമ്പനി അതിന്റെ എക്കാലെത്തയും മികച്ച വരുമാനവും ലാഭവും രേഖപ്പെടുത്തിയിരുന്നു.