
ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളിലൊന്നായ റിലയൻസ് റീട്ടെയിലിൽ, ഖത്തർ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (QIA) ഓഹരി പങ്കാളിത്തം നേടിയേക്കുമെന്ന് റിപ്പോർട്ട്.
റിലയൻസ് റീട്ടെയിലിന്റെ ഹോൾഡിങ് കമ്പനിയായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേർസിൽ (RRVL) ന്യൂനപക്ഷ പങ്കാളിത്തം നേടാനാണ് ശ്രമിക്കുന്നതെന്ന് ഫിനാൻഷ്യൽ ടൈംസാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം വാർത്തയെ കുറിച്ച് മുകേഷ് അംബാനിയുടെ ഓഫീസും ഇതുവരെ പ്രതികരിച്ചിട്ടില്ല.
റിലയൻസ് റീട്ടെയിൽ വെഞ്ച്വേർസിന്റെ ഒരു ശതമാനം ഓഹരി വിഹിതം വാങ്ങുന്നതാണ് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി പരിഗണിക്കുന്നത്. ഇതിനുവേണ്ടി 100 കോടി ഡോളർ (ഏകദേശം 8,200 കോടി രൂപ) ചെലവിട്ടേക്കുമെന്നാണ് റിപ്പോർട്ട്.
ഭാവിയിൽ റിലയൻസ് റീട്ടെയിൽ, സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാൻ പദ്ധതിയുണ്ടെന്ന് മുകേഷ് അംബാനി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ ഇതിനുള്ള സമയവും മറ്റ് നടപടിക്രമങ്ങളും ഇതുവരെയും കമ്പനി നേതൃത്വം തീരുമാനിച്ചിട്ടില്ല.
കൺസ്യൂമർ ഉത്പന്നങ്ങളുടെ വിപണനത്തിനായി റിലയൻസ് റീട്ടെയിലിന് രാജ്യാന്തര ബ്രാൻഡുകളുടെ ഉൾപ്പെടെയുള്ള കമ്പനികളുമായി സഹകരണ കരാർ/ ലൈസൻസ് നേടിയിട്ടുണ്ട്. നിലവിൽ അംബാനിയുടെ മകളായ ഇഷ അംബാനിയാണ് റിലയൻസ് റീട്ടെയിലിന്റെ തലപ്പത്തുള്ളത്.
ഉപഭോക്താക്കൾക്ക് നേരിട്ടു കടന്നുവരാവുന്ന സ്റ്റോറുകൾ രാജ്യമെമ്പാടും സ്ഥാപിച്ചിട്ടുണ്ട്. ഡിജിറ്റൽ ഉത്പന്നങ്ങളുടെ വിപണനവും കൈകാര്യം ചെയ്യുന്നുണ്ട്.
ഓൺലൈൻ ഷോപ്പിങ്ങും സജ്ജമാക്കിയിട്ടുണ്ട്. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ നിക്ഷേപം വിജയകരമായാൽ, റീട്ടെയിൽ സ്റ്റോർ വികസനം വേഗത്തിലാക്കാൻ സാധിച്ചേക്കും.
ജൂലൈ മാസമാദ്യം, കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ കുറയ്ക്കുന്നതിന്റെ ഭാഗമായി റീട്ടെയിൽ നിക്ഷേപകരുടെ കൈവശമുണ്ടായിരുന്ന അൺലിസ്റ്റഡ് ഓഹരികൾ റദ്ദാക്കുകയാണെന്ന് റിലയൻസ് റീട്ടെയിൽ പ്രഖ്യാപിച്ചിരുന്നു.
ഹോൾഡിങ് കമ്പനിയിൽ പ്രമോട്ടറുടെ കൈവശം ഒഴികെയുള്ള ലിസ്റ്റ് ചെയ്യാത്ത ഓഹരികളാണ് റദ്ദാക്കുന്നത്. ചെറുകിട നിക്ഷേപകരിൽ നിന്നും 1,362 രൂപ നൽകിയാണ് അൺലിസ്റ്റഡ് ഓഹരി തിരികെ വാങ്ങുന്നത്.