
കൊല്ലം: ട്രെയിനുകളിൽ വിൽപ്പന നടത്തുന്ന പാചകം ചെയ്ത ഭക്ഷണ പായ്ക്കറ്റുകളിൽ ക്യൂആർ കോഡുകൾ നിർബന്ധമാക്കുന്നു. ഈ കോഡ് സ്കാൻ ചെയ്താൽ ഭക്ഷണം പാകം ചെയ്ത അടുക്കളയുടെ പേര്, പാക്കേജിംഗ് തീയതി, ഭക്ഷണം കേടുകൂടാതെ ഇരിക്കുന്ന സമയപരിധി തുടങ്ങിയ വിശദവിവരങ്ങൾ യാത്രക്കാരന് അറിയാൻ സാധിക്കും. മാത്രമല്ല ട്രെയിനുകളിൽ ഭക്ഷണ മെനുവും നിരക്കുകളും നിർബന്ധമായും പ്രദർശിപ്പിക്കുകയും വേണം.
റിസർവ് ചെയ്ത യാത്രക്കാർക്ക് അവരുടെ മൊബൈൽ നമ്പരിലേക്ക് ഭക്ഷണത്തിന്റെ മെനു ലിങ്കുകൾ സഹിതമുള്ള എസ്എംഎസ് അപ്ഡേറ്റുകൾ ലഭ്യമാക്കുന്ന പുതിയ പരിഷ്കാരവും റെയിൽവേ ആരംഭിച്ച് കഴിഞ്ഞു. നിലവിൽ റെയിൽവേയിൽ ലഭിക്കുന്ന എല്ലാ ഭക്ഷണങ്ങളുടെയും മെനുവും നിരക്കുകളും യാത്രക്കാർക്ക് കൃത്യമായി അറിയാൻ ഐആർസിടിസിയുടെ വെബ്സൈറ്റ് ആയിരുന്നു ആശ്രയം.
പുതിയ നിർദേശം അനുസരിച്ച് എല്ലാ വിശദാംശങ്ങളും അടങ്ങിയ മെനു കാർഡ് വെയിറ്റർമാരുടെ പക്കൽ ലഭ്യമാക്കണം. മാത്രമല്ല അവർ ഇവ യാത്രക്കാർക്ക് ആവശ്യാനുസരണം നൽകുകയും വേണം.ഇനി മുതൽ നിരക്ക് പട്ടിക പാൻട്രി കാറുകളിലും യാത്രക്കാർക്ക് ഒറ്റനോട്ടത്തിൽ വായിക്കാൻ സാധിക്കുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.
ട്രെയിനുകളിൽ ലഭിക്കുന്ന ഭക്ഷണത്തിന്റെ ശുചിത്വം, ഗുണനിലവാരം എന്നിവ സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. മെച്ചപ്പെട്ട ഭക്ഷണം ഉറപ്പു വരുത്തുന്നതിന് തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ ആധുനിക ബേസ് കിച്ചണുകൾ പുതുതായി കമ്മീഷൻ ചെയ്യും.
ഭക്ഷണം തയാറാക്കുന്നത് നിരീക്ഷിക്കുന്നതിന് എല്ലാ ബേസ് കിച്ചണുകളിലും സിസിടിവി കാമറകളും സ്ഥാപിക്കും.