ക്വസ്റ്റിന് രജത ജൂബിലി തിളക്കം
അതിവേഗം വളരുന്ന ആഗോള എൻജിനിയറിങ് സേവനദാതാവ്
2025 ൽ യുണിക്കോണാകാൻ ലക്ഷ്യം
ജനറൽ ഇലക്ട്രികിൽ (GE) നിന്നുള്ള ഒരു പ്രൊജക്ടുമായി 1997 ൽ ആണ് ക്വസ്റ്റ് ആരംഭിക്കുന്നത്. ക്വസ്റ്റ് എന്ന വാക്കിന് അന്വേഷണം എന്നർത്ഥം. ‘An effort to find or do something’ എന്ന് വ്യാഖ്യാനിക്കാം. ആ പേരിനെ അന്വർത്ഥമാക്കുന്ന 25 വർഷങ്ങളാണ് ക്വസ്റ്റ് ഗ്ലോബൽ പൂർത്തിയാക്കുന്നത്. എൻജിനിയറിങ് മികവിൻ്റെ പാരമ്യം ആണ് എക്കാലവും കമ്പനി അന്വേഷിച്ചുകൊണ്ടിരുന്നത്. ലോകത്തെ സങ്കീർണമായ എൻജിനിയറിങ് സമസ്യകൾക്ക് ഈ മികവും വൈദഗ്ധ്യവും കൊണ്ട് കമ്പനി ഉത്തരം കണ്ടെത്തി. ലോകത്തെ ഏറ്റവും മികച്ച 13000 എൻജിനിയർമാരെ ക്വസ്റ്റ് തങ്ങളുടെ കുടക്കീഴിൽ കൊണ്ടുവന്നു.
കർണാടകയിലെ ധർവാദിൽ നിന്നും വലിയ അഭിനിവേശങ്ങളുമായി പറന്നുയർന്ന അജിത് പ്രഭു ന്യൂയോർക്കിലെ സ്കെനറ്റഡിയിൽ 1997ൽ ക്വസ്റ്റിന് ബീജാവാപമിട്ടു. വെറും 200 സ്ക്വയർഫീറ്റ് വലുപ്പമുള്ള ഓഫീസായിരുന്നു അന്ന്. 2014 ൽ നെസ്റ്റ് സോഫ്റ്റ് വെയറിൻ്റെ ഏറ്റെടുക്കലിലൂടെ അടുത്ത ഘട്ടത്തിലേക്ക് കമ്പനി കടന്നു. അപ്പോൾ 6000 എൻജിനിയർമാർ ക്വസ്റ്റിലുണ്ട്.
2018ൽ ഏറ്റെടുക്കലുകൾ ഊർജിതമാക്കി. മൊബിലിയ, എക്സിലൻറ്, എൻഗികോം തുടങ്ങിയ കമ്പനികളെ തങ്ങളുടെ ഭാഗമാക്കി.
2019 ൽ യുഎസ് എയ്റോ സ്പേസ് കമ്പനിയായ ഡകോട്ടാ മൂൺ ഏറ്റെടുത്തു. ഫ്രാൻസിൽ പ്രത്യേക കേന്ദ്രവും തുടങ്ങി. 2020ൽ തിരുവനന്തപുരം ഡെലിവറി സെൻററിനും തുടക്കം കുറിച്ചു. പുനെയിലും സെൻറർ തുടങ്ങി.
2022 ൽ 25 വർഷം പൂർത്തിയാക്കുമ്പോൾ
17 രാജ്യങ്ങളിലായി 56 ഡെലിവറി സെൻ്ററുകൾ കമ്പനിക്കുണ്ട്. വലിയ കേന്ദ്രങ്ങളിലൊന്നാണ് തിരുവനന്തപുരത്തേത്. 3000 എൻജിനിയർമാരുണ്ട്. കൊച്ചി കേന്ദ്രം തുടങ്ങുന്നത് 25 -ആം വാർഷികത്തിൽ. തുടക്കം 200 ജീവനക്കാരുമായാണ്. ആറ് മാസത്തിനുള്ളിൽ 500 പേരെ കൂടി റിക്രൂട്ട് ചെയ്യും. അടുത്ത ഘട്ടത്തിലേക്കുള്ള വളർച്ചക്ക് കൊച്ചിയിൽ തുടക്കമാകും.
ലോകത്തെ ഏറ്റവും വേഗതയിൽ വളരുന്ന എൻജിനിയറിങ് സേവന സ്ഥാപനങ്ങളിലൊന്നായി ക്വസ്റ്റ് ഗ്ലോബൽ വളർന്ന് കഴിഞ്ഞു. ഓട്ടോമോട്ടിവ്, മെഡിക്കൽ ടെക്നോളജി, പവർ തുടങ്ങി നിരവധി വ്യവസായ മേഖലകളിലെ നൂതന സാങ്കേതികവിദ്യകളിൽ ക്വസ്റ്റ് ഗ്ലോബൽ പ്രവർത്തിക്കുന്നു. ഏറ്റവും മികച്ച എൻജിനിയറിങ് വൈദഗ്ധ്യം നിരന്തരം ലോകത്തിന് നൽകുകയാണ് കമ്പനിയുടെ ലക്ഷ്യം. മികച്ച പ്രതിഭകളെ തങ്ങളുടെ ഭാഗമാക്കാനും അവരുടെ മികവും ശേഷിയും തുടർച്ചയായി മെച്ചപ്പെടുത്താനും ക്വസ്റ്റ് വലിയ താല്പര്യമെടുക്കുന്നു. ഈ രണ്ടു കാര്യങ്ങളിലും പുലർത്തുന്ന നിരന്തര ജാഗ്രതയാണ് കമ്പനിയുടെ വളർച്ചക്ക് അടിത്തറ.
പുതിയ സാധ്യതകളും, ആവശ്യകതകളും കമ്പനി നിരന്തരം അന്വഷിച്ചുകൊണ്ടേയിരിക്കുന്നു.
2025 ഓടെ 26000 ജീവനക്കാരുള്ള യുണിക്കോൺ കമ്പനി ( ഒരു ബില്യൻ ഡോളർ മൂല്യം) ആകാൻ ക്വസ്റ്റ് ഗ്ലോബൽ ലക്ഷ്യമിടുന്നു.