
മുംബൈ: വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ക്വോണ ക്യാപിറ്റൽ അതിന്റെ മൂന്നാം ഫണ്ടിനായി 332 മില്യൺ ഡോളർ സമാഹരിച്ചു. ലാറ്റിനമേരിക്ക, ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക തുടങ്ങിയ വളർന്നുവരുന്ന വിപണികളിലെ സാമ്പത്തിക സേവന, സാങ്കേതിക കമ്പനികളെ ഫണ്ട് പിന്തുണയ്ക്കും.
കമ്പനി നിലവിൽ ബൈ-നൗ-പേ ലേറ്റർ പ്ലാറ്റ്‌ഫോമായ സെസ്റ്റ്മണി, ഓൺലൈൻ നിക്ഷേപ പ്ലാറ്റ്‌ഫോമായ ഫിസ്‌ഡം, ഇ-കൊമേഴ്‌സ് മാർക്കറ്റ് പ്ലേസായ ഉല തുടങ്ങിയ സ്റ്റാർട്ടപ്പുകളെ പിന്തുണച്ചിട്ടുണ്ട്.
പ്രമുഖ ആഗോള അസറ്റ് മാനേജർമാരായ ഗോൾഡ്‌മാൻ സാച്ച്‌സ്, സോവറിൻ വെൽത്ത് ഫണ്ടായ ടെമാസെക്, ഇൻഷുറൻസ് കമ്പനികൾ, നിക്ഷേപ-വാണിജ്യ ബാങ്കുകൾ, യൂണിവേഴ്‌സിറ്റി എൻഡോവ്‌മെന്റുകൾ, ഫൗണ്ടേഷനുകൾ, ഫാമിലി ഓഫീസുകൾ, ഡെവലപ്‌മെന്റ് ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നാണ് ക്വോണ ക്യാപിറ്റൽ മൂലധനം സമാഹരിച്ചത്.
സപ്ലൈ ചെയിൻ, ഹെൽത്ത് കെയർ, എഡ്യൂക്കേഷൻ, ഡിജിറ്റൽ കൊമേഴ്‌സ്, മൊബിലിറ്റി തുടങ്ങിയ ഫിൻടെക്, ഫിൻടെക് അനുബന്ധ മേഖലകളിലെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ ഫണ്ട് ശ്രമിക്കുമെന്ന് ക്വോണ ക്യാപിറ്റൽ സഹ സ്ഥാപകനും മാനേജിംഗ് പാർട്ണറുമായ ഗണേഷ് രംഗസ്വാമി പറഞ്ഞു.
ക്വോണ അതിന്റെ മൂന്നാം ഫണ്ട് ഉപയോഗിച്ച് അടുത്ത 12 മാസത്തിനുള്ളിൽ 25 കമ്പനികളിൽ നിക്ഷേപം നടത്തും. ആശയ ഘട്ടത്തിലുള്ളവ മുതൽ പ്രാരംഭ ഘട്ടം വരെയുള്ള കമ്പനികളിൽ ചെറിയ നിക്ഷേപം നടത്തുക എന്ന ഒരു തന്ത്രവും ഫണ്ടിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2015 ൽ മോണിക്ക ബ്രാൻഡ് ഏംഗൽ, ജോനാഥൻ വിറ്റിൽ, ഗണേഷ് രംഗസ്വാമി എന്നിവർ ചേർന്ന് ക്വോണ ക്യാപിറ്റൽ സ്ഥാപിച്ചു. ഇത് ഇതുവരെ 65-ലധികം നിക്ഷേപങ്ങൾ നടത്തി.