ന്യൂഡല്‍ഹി: അയല്‍ രാജ്യങ്ങളുടേതിന് സമാനമായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയ്ക്ക് നേരിടേണ്ടി വരില്ലെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ മികച്ച പ്രവര്‍ത്തനങ്ങളാണ് കാരണം. വിദേശ കരുതല്‍ ശേഖരം ഉയര്‍ത്തുന്നതില്‍ കേന്ദ്രബാങ്ക് വഹിച്ച പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീലങ്ക, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സാമ്പത്തികമായി തകര്‍ന്ന പശ്ചാത്തലത്തിലാണ് രാജന്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്. നിരക്ക് വര്‍ദ്ധിപ്പിച്ചത് പണപ്പെരുപ്പ സമ്മര്‍ദ്ദത്തെ കുറയ്ക്കുമെന്നും പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ ആര്‍ബിഐ വിജയിച്ചതായും അദ്ദേഹം വിലയിരുത്തി.ഏറ്റവും പുതിയ കണക്കുപ്രകാരം രാജ്യത്തിന്റെ വിദേശ കരുതല്‍ ശേഖരം (ഫോറെക്‌സ്) ജൂലൈയില്‍ 571.56 ബില്യണ്‍ ഡോളറാണ്.
തൊട്ടുമുന്‍മാസത്തേക്കാള്‍ 1.152 ബില്യണ്‍ ഡോളറിന്റെ കുറവാണ് ഇത്. വിദേശ കറന്‍സി ആസ്തികളിലെ നഷ്ടമാണ് കരുതല്‍ ശേഖരം കുറച്ചത്.ശേഖരത്തിന്റെ മറ്റെല്ലാ ഭാഗങ്ങളും ഈയാഴ്ച ഉയര്‍ന്നു.
അതേസമയം വിദേശ കറന്‍സി ശേഖരത്തില്‍ 1.46 ബില്ല്യണ്‍ ഡോളറിന്റെ കുറവാണുണ്ടായത്. ജൂലൈ 15 ന് അവസാനിച്ച ആഴ്ചയിലും അതിന് തൊട്ടുമുന്‍പുള്ള ആഴ്ചയിലും വിദേശ നാണ്യ ശേഖരം യഥാക്രമം 6.257 ബില്ല്യണ്‍ ഡോളര്‍, 6.656 ബില്ല്യണ്‍ ഡോളര്‍ എന്നിങ്ങനെ കുറവ് രേഖപ്പെടുത്തി. യൂറോ, ബ്രിട്ടീഷ് പൗണ്ട് സ്‌റ്റെര്‍ലിംഗ്, ജാപ്പനീസ് യെന്‍ എന്നിവ യുഎസ് ഡോളര്‍ മൂല്യത്തിലാണ് കരുതല്‍ ശേഖരമായി സൂക്ഷിക്കുന്നത്.
അതേസമയം കറന്‍സികളൊഴികെയുള്ള ഭാഗങ്ങളുടെ ശേഖരം മേല്‍ പറഞ്ഞ കാലയളവില്‍ ഉയര്‍ന്നു. ജൂലൈ 22ന് അവസാനിച്ച ആഴ്ചയില്‍ 38.502 ബില്ല്യണ്‍, ഡോളര്‍ കരുതലാണ് രാജ്യത്തിനുള്ളത്. തൊട്ടുമുന്‍ ആഴ്ചയിലുള്ളതിനേക്കാള്‍ അധികമാണ് ഇത്. മാത്രമല്ല അന്തര്‍ദ്ദേശീയ നാണയ നിധി (ഐഎംഎഫ്)യുടെ കൈവശമുള്ള ഇന്ത്യന്‍ എസ്ഡിആറുകളുടെ മൂല്യത്തില്‍ 106 മില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവുണ്ടായി.
അന്താരാഷ്ട്ര നാണയ നിധിയിലെ ഇന്ത്യയുടെ കരുതല്‍ 23 മില്യണ്‍ ഡോളര്‍ ഉയര്‍ത്തി 4.96 ബില്യണ്‍ ഡോളറിലെത്തിക്കാനും ആര്‍ബിഐയ്ക്കായി.