കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

രാജ്യത്തെ ആദ്യ അലുമിനിയം ചരക്കു വാഗണുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

ഡല്‍ഹി: ഇന്ത്യയിലെ പ്രഥമ അലുമിനിയം ചരക്കു വാഗണുകള്‍ ഓടിത്തുടങ്ങി. ഭുബനേശ്വറില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചത്. കാര്‍ബണ്‍ പുറന്തള്ളല്‍ വന്‍തോതില്‍ കുറയ്ക്കാന്‍ റെയില്‍വേയെ സഹായിക്കുന്നതാണ് ഹിന്‍ഡാല്‍കോ നിര്‍മ്മിച്ച അലുമിനിയം ചരക്കു വാഗണുകളുടെ ഈ പുതു നിര.

റെയില്‍വേ ഇപ്പോള്‍ ഉപയോഗിക്കുന്ന ഉരുക്കു വാഗണുകളേക്കാള്‍ 180 ടണ്‍ ഭാരക്കുറവുള്ള അലുമിനിയം വാഗണുകളുടെ ചരക്കു വാഹക ശേഷി ഉരുക്കു വാഗണുകളേക്കാള്‍ 5 മുതല്‍ 10 ശതമാനം വരെ കൂടുതലാണ്. ആപേക്ഷികമായി കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിക്കുന്ന ഇവയുടെ തേയ്മാന നിരക്കും കുറവാണ്.

രാജ്യത്തെ സംബന്ധിച്ചേടത്തോളം അഭിമാനകരമായ നിമിഷമാണിതെന്നും സ്വദേശ നിര്‍മ്മിതിയില്‍ വന്‍ കുതിപ്പാണു നടത്തിയിരിക്കുന്നതെന്നും 61 ചരക്കു വാഗണുകള്‍ ഭുബനേശ്വര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഫഌഗ് ഓഫ് ചെയ്തുകൊണ്ട് മന്ത്രി അശ്വനി വൈഷ്ണവ് പ്രസ്താവിച്ചു. ഒറീസയിലെ ലപാങ്കയിലെ ഹിന്‍ഡാല്‍കോയുടെ ആദിത്യ അലുമിനിയം സംസ്‌കരണ കേന്ദ്രത്തിലേക്കുള്ള കല്‍ക്കരിയാണ് ഈ വാഗണുകളില്‍ കൊണ്ടു പോകുന്നത്.

2026 ലെ റെയില്‍വേയുടെ ചരക്കു ലക്ഷ്യം 2,528 മില്യണ്‍ ടണ്ണാണ്. ഇതിനായി 70,000 വാഗണുകള്‍ കൂടി ആവശ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. ലക്ഷ്യ പ്രാപ്തിക്കായി ചരക്കു വാഹക ശേഷി 10 ശതമാനം വര്‍ധിപ്പിക്കുന്ന അലുമിനിയം വാഗണ്‍ നിര കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതോടൊപ്പം പ്രവര്‍ത്തന ശേഷി കൂടിയ ഹരിത റെയില്‍വേ ശൃംഖലയ്ക്കു കൂടി തുടക്കമിടുമെന്ന് അദ്ദേഹം് അറിയിച്ചു.

അടിവശം തുറക്കുന്ന അലുമിനിയം ചരക്കു വാഗണുകള്‍ കല്‍ക്കരി കൊണ്ടുപോകാന്‍ പ്രത്യേകമായി രൂപകല്‍പന ചെയ്തതാണ്. ഒരു വാഗണ്‍ നിരയ്ക്കു മാത്രം 14,500 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ കഴിയും. വരും വര്‍ഷങ്ങളില്‍ ഇത്തരം ഒരു ലക്ഷം വാഗണുകളാണ് റെയില്‍വേ ഇറക്കാനുദ്ദേശിക്കുന്നത്.

ദേശ നിര്‍മ്മാണത്തിന് കര്‍മ്മശേഷിയും സ്ഥിരതയുമുള്ള പരിഹാരങ്ങള്‍ കണ്ടെത്താനുള്ള നമ്മുടെ കഴിവിന് അടിവരയിടുന്നതാണ് അലുമിനിയം വാഗണ്‍ നിരയെന്ന് ഹിണ്ടാല്‍കോ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ സതീഷ് പൈ പറഞ്ഞു.

മികച്ച ആഗോള സാങ്കേതിക വിദ്യയോടൊപ്പം പ്രാദേശിക വിഭവങ്ങള്‍ ചേര്‍ത്ത് ഇന്ത്യന്‍ റെയില്‍വേയുടെ ചരക്കു നീക്കം കൂടുതല്‍ ഫലപ്രദമാക്കാനും ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യ സാക്ഷാത്കാരത്തിനും ഹിണ്ടാല്‍കോ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെസ്‌കോ കമ്പനി നിര്‍മ്മിച്ച പുതുതലമുറ വാഗണുകള്‍ക്ക് ഒറീസയിലെ ഹിറാക്കുഡിലുള്ള അത്യന്താധുനിക ഹിന്‍ഡാല്‍കോ നിര്‍മ്മിതി കേന്ദ്രത്തില്‍ നിന്നുള്ള ശേഷികൂടിയ അലുമിനിയം ലോഹക്കൂട്ടുപയോഗിച്ചു നിര്‍മ്മിച്ച അലുമിനിയം പ്‌ളേറ്റുകളാണുപയോഗിച്ചിട്ടുള്ളത്. 19 ശതമാനം അധിക ഭാരം വഹിക്കാന്‍ ഇവയ്ക്കു കഴിവുണ്ട്.

അതിവേഗ യാത്രാവണ്ടികള്‍ക്കായി അലുമിനിയം കോച്ചുകള്‍ നിര്‍മ്മിക്കാനും ഹിന്‍ഡാല്‍കോയ്ക്കു പദ്ധതിയുണ്ട്. യുഎസ്, യൂറോപ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ തീവണ്ടി സര്‍വീസുകള്‍ക്കുപയോഗിക്കുന്നത് രൂപഭംഗിയും മെച്ചപ്പെട്ട വാഹക ശേഷിയുമുള്ള അലുമിനിയം കോച്ചുകളാണ്. മെട്രോ ട്രെയിനുകള്‍ക്ക് ലോകമെങ്ങും അലുമിനിയം കോച്ചുകളാണുപയോഗിക്കുന്നത്.

അലുമിനിയം കോച്ചുകളുമായി വന്ദേഭാരത് വണ്ടികള്‍ ഓടിക്കാനുള്ള തീരുമാനം ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചു കഴിഞ്ഞു. വിപഌവകരമായ ഈ നീക്കത്തിന്റെ ഭാഗമായി ആഗോള സ്ഥാപനങ്ങളുമായി ഹിന്‍ഡാല്‍കോ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

X
Top