പത്തനംതിട്ട: ലാഭം മാത്രം നോക്കിയല്ല ചെങ്ങന്നൂർ-പമ്പ റെയില്‍വേ ലൈൻ പദ്ധതിയെന്ന നിലപാടില്‍ റെയില്‍വേ. കേരളത്തിന് പുറത്തുനിന്ന് കൂടുതല്‍ തീർഥാടകർക്ക് പമ്പയിലെത്താൻ മെച്ചപ്പെട്ട സൗകര്യമൊരുക്കി റെയില്‍വേയുടെ സ്വീകാര്യത വർധിപ്പിക്കുകയെന്നതാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിന് പിന്നിലെന്നാണ് വിവരം.
അഖിലേന്ത്യാ തലത്തില്‍ പ്രശസ്തമായ ശബരിമലയിലേക്ക് റെയില്‍വേയുടെ പൂർണമായ ചെലവില്‍ പാതയൊരുക്കുകയാണ് ലക്ഷ്യം. അങ്കമാലി-എരുമേലി ശബരിപ്പാതയുടെ കാര്യത്തില്‍ സംസ്ഥാനം നിസ്സഹകരിക്കുന്നുവെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നതിനിടയിലും, ചെങ്ങന്നൂർ- പമ്പ പാതയുടെ നടപടികള്‍ ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ആസ്ഥാനത്ത് അതിവേഗം പുരോഗമിക്കുകയാണ്.
പാതയുടെ വിശദ പദ്ധതിരേഖ തയ്യാറാക്കിയിരുന്നെങ്കിലും അത് പരിഷ്കരിക്കുകയാണ്. 7000 കോടി രൂപ ചെലവിലുള്ള പദ്ധതിയാണ് ആദ്യം തയ്യാറാക്കിയിരുന്നത്. ചെലവ് അല്പം താഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എസ്റ്റിമേറ്റിന്റെ പുനഃപരിശോധന.
ഓഗസ്റ്റ് അവസാന ആഴ്ച ഡി.പി.ആർ. റെയില്‍വേ ബോർഡിലേക്ക് സമർപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ദക്ഷിണ റെയില്‍വേയുടെ അനുമതി ഡി.പി.ആറിന് ലഭിച്ചശേഷമായിരിക്കും ബോർഡിലേക്ക് സമർപ്പിക്കുക.
മണ്ഡല-മകരവിളക്ക് സീസണില്‍ മാത്രമായിരിക്കും പാത ഉപയോഗിക്കുക എന്നാണ് ഇപ്പോഴത്തെ തീരുമാനം.
ബാക്കിസമയങ്ങളില്‍ അടച്ചിടും. ഓരോ മലയാളമാസവും അഞ്ചുദിവസം നട തുറക്കുമ്പോള്‍ തീവണ്ടി ഓടിക്കണമോയെന്നതില്‍ തീരുമാനമായിട്ടില്ല. ദേവസ്വത്തിന്റെ ഭാഗത്തുനിന്ന് ആവശ്യം വന്നാല്‍ അപ്പോള്‍ ആലോചിക്കാമെന്ന നിലപാടിലാണ് റെയില്‍വേ.
വിദേശത്ത് പ്രത്യേക കാലയളവില്‍ മാത്രം തീർഥാടനം നടക്കുന്ന ചില സ്ഥലങ്ങളില്‍ ആ സമയത്തേക്ക് മാത്രം തീവണ്ടി സർവീസുള്ള കാര്യം റെയില്‍വേ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
തീർഥാടകർക്ക് പമ്പ വരെ എത്താനുള്ള സൗകര്യമുണ്ടെങ്കില്‍ അതായിരിക്കും അവർ സ്വീകരിക്കുക എന്ന വാദവും ഉയരുന്നുണ്ട്. ചെങ്ങന്നൂർ റെയില്‍വേസ്റ്റേഷൻ 360 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്നതും അനുകൂലഘടകമാണ്.
60 കിലോമീറ്റർ നീളമുള്ള പാതയാണ് ഉദ്ദേശിക്കുന്നത്. ചെങ്ങന്നൂർ, ആറൻമുള, വടശ്ശേരിക്കര, പമ്പ എന്നീ നാല് സ്റ്റേഷനുകളാണുള്ളത്. നിലയ്ക്കലില്‍ പാത ഭൂമിക്കടിയിലൂടെയാണ് നിർദേശിച്ചിരിക്കുന്നത്. 50 മിനിറ്റാണ് യാത്രാസമയം നിശ്ചയിച്ചിരിക്കുന്നത്.
16 കോച്ചുകള്‍ വരെയുള്ള വന്ദേമെട്രോ ട്രെയിനുകള്‍ ഓടിക്കാനാണ് ഉദ്ദേശിക്കുന്നത്. മെട്രോ സ്റ്റേഷനുകളുടെ മാതൃകയിലായിരിക്കും ആറൻമുളയിലും വടശ്ശേരിക്കരയിലും പമ്പയിലുമുള്ള സ്റ്റേഷനുകള്‍. ചെങ്ങന്നൂർ സ്റ്റേഷൻ ജങ്ഷൻ സ്റ്റേഷനായി മാറും.
പമ്പയില്‍ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനടുത്താണ് റെയില്‍വേ സ്റ്റേഷൻ നിർദേശിച്ചിരിക്കുന്നത്.