കൊച്ചി: 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതിന് ശേഷം മനഃശാസ്ത്രപരമായ 100 ലെവലിലേയ്ക്ക് അടുത്തിടെ എത്തിയ ഓഹരിയാണ് ഫെഡറല്‍ ബാങ്കിന്റേത്. അടുത്ത 6-9 മാസത്തിനുള്ളില്‍ ഓഹരി 144 രൂപയിലേയ്ക്ക് കുതിക്കുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. സ്‌റ്റോക്ക് സമാഹരിക്കുന്നത് തുടരാന്‍ അവര്‍ പൊസിഷണല്‍ നിക്ഷേപകരെ ഉപദേശിക്കുന്നു.
സ്വാസ്തിക ഇന്‍വെസ്റ്റ് മാര്‍ട്ടിലെ ഇക്വിറ്റി റിസര്‍ച്ച് അനലിസ്റ്റ് പുനിത് പട്‌നിയുടെ അഭിപ്രായത്തില്‍ ശക്തമായ ഗ്രാനുലാര്‍ ലയബിലിറ്റി ഫ്രാഞ്ചൈസി, ഫണ്ടുകളുടെ കുറഞ്ഞ ചിലവ്, ശക്തമായ അണ്ടര്‍ റൈറ്റിംഗ് മാനദണ്ഡങ്ങള്‍, ഫിന്‍ടെക്കുമായുള്ള പങ്കാളിത്തം, ഡിജിറ്റല്‍ സംരഭങ്ങള്‍, വളര്‍ച്ച കാഴ്ചപ്പാട് എന്നിവയാണ് ബാങ്കിന്റെ പോസിറ്റീവ് വശങ്ങള്‍.കൂടാതെ, റീട്ടെയില്‍ ലോണുകളുടെ വര്‍ദ്ധിച്ചുവരുന്ന വിഹിതം കാരണം ബാങ്കിന്റെ ആര്‍ഒഎ ഉയരും.
144 രൂപ ലക്ഷ്യവില നിശ്ചയിച്ച് 6-9 മാസത്തേയ്ക്ക് ഓഹരി കൈവശം വയ്ക്കാന്‍ ജിസിഎല്‍ സെക്യൂരിറ്റീസിലെ രവി സിംഗ് നിര്‍ദ്ദേശിക്കുന്നു. കോവിഡ് വെല്ലുവിളി അതിജീവിക്കാന്‍ ബാങ്കിനായെന്ന് അദ്ദേഹം പറഞ്ഞു. പ്രൊവിഷനിംഗിലെ കുറവ് കാരണം അറ്റാദായം 63.53 ശതമാനം വര്‍ധിപ്പിക്കാനും ബാങ്കിന് സാധിച്ചു. 600.66 കോടി രൂപയാണ് ജൂണിലവസാനിച്ച പാദത്തിലെഅറ്റാദായം.
പലിശ വരുമാനം 8.14 ശതമാനം കൂട്ടി 3,628.86 കോടി രൂപയാക്കി. കഴിഞ്ഞവര്‍ഷം ഇതേ പാദത്തില്‍ പലിശ വരുമാനം 3,355.71 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനത്തില്‍ 1,418 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്.
1,605 കോടി രൂപയാണ് നിലവിലെ അറ്റ പലിശ വരുമാനം. അതേസമയം ബാങ്കിന്റെ ഓഹരി കണക്കുകൂട്ടലുകളേക്കാള്‍ താഴെയാണുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ, ഇത് ഏകദേശം 23 ശതമാനം ഉയര്‍ന്നു. 89 രൂപയില്‍ നിന്ന് 107.50 രൂപയിലേയ്ക്കാണ് ഓഹരി കുതിച്ചത്. പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുള്ള ഓഹരിയാണ് ഫെഡറല്‍ ബാങ്കിന്റേത്.
മാര്‍ച്ചിലവസാനിച്ച പാദത്തിലെ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്കും അദ്ദേഹത്തിന്റെ പത്‌നിയ്ക്കും ബാങ്കില്‍ 1.01 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. അതായത് ബാങ്കിന്റെ 2,10,00,000 ഓഹരികള്‍ ഇവര്‍ കൈവശം വയ്ക്കുന്നു.