ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 12 നിശ്ചയിച്ചിരിക്കയാണ് നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍സിസി ലിമിറ്റഡ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 2 രൂപ അഥവാ 100 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഓഹരി വില 57.90 രൂപയാണെന്നിരിക്കെ 3.45 രൂപയാണ് ലാഭവിഹിത യീല്‍ഡ്.
പ്രമുഖ നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് പങ്കാളിത്തമുള്ള കമ്പനിയാണ് എന്‍സിസി ലിമിറ്റഡ്. ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം 11,600,000 എണ്ണം അഥവാ 1.85 ശതമാനം ഓഹരികളാണ് ജുന്‍ജുന്‍വാലയുടെ പത്‌നി രേഖ ജുന്‍ജുന്‍വാലയ്ക്ക് കമ്പനിയിലുള്ളത്. ജുന്‍ജുന്‍വാല രേഖ രാകേഷ് എന്ന പേരില്‍ 10.63 ശതമാനം അഥവാ 66,733,266 ഓഹരികളും ജുന്‍ജുന്‍വാല കൈവശം വയ്ക്കുന്നു.
ലാഭവിഹിത പ്രഖ്യാപനത്തെ തുടര്‍ന്ന് ഓഹരി വില, വെള്ളിയാഴ്ച 2.93 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 33.26 ശതമാനവും 2022 ല്‍ 19.30 ശതമാനവും ഇടിവ് നേരിട്ട ഓഹരിയാണ് എന്‍സിസി ലിമിറ്റഡിന്റേത്. അതേസമയം കഴിഞ്ഞ ഒരു മാസത്തില്‍ ഓഹരി 6.34 ശതമാനം ഉയര്‍ന്നു.
ഓഗസ്റ്റ് 5, 2021 ന് രേഖപ്പെടുത്തിയ 90.40 രൂപയാണ് 52 ആഴ്ചയിലെ ഉയരം. 20, ജൂണ്‍ 2022 ലെ 57.90 രൂപ 52 ആഴ്ചയിലെ താഴ്ചയുമാണ്. 3,591.60 കോടി രൂപ വിപണി മൂല്യമുള്ള ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട എന്‍സിസി ലിമിറ്റഡ്.
എന്‍സിസി ലിമിറ്റഡിന്റെ ഭാഗമായ രണ്ട് ഗ്രൂപ്പുകള്‍ എന്‍സിസി അര്‍ബന്‍, എന്‍സിസി ഇന്‍ഫ്ര എന്നിവയാണ്. രാജ്യത്തിന്റെ സുപ്രധാനമായ പല അടിസ്ഥാന സൗകര്യ പദ്ധതികളിലും കമ്പനി ഭാഗമായിട്ടുണ്ട്.