മുംബൈ: എംകെ ഗ്ലോബലിന്റെ ഹോട്ട് പിക്കുകളാണ് ഫെഡറല്‍ ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക് ഓഹരികള്‍. രണ്ടും മൂന്ന് വര്‍ഷത്തിനുള്ളില്‍ 34 മടങ്ങിലധികം ഉയര്‍ന്ന മള്‍ട്ടിബാഗറുകള്‍. അതേസമയം ഡിസ്‌ക്കൗണ്ട് നിരക്കില്‍ ട്രേഡ് ചെയ്യപ്പെടുന്നു.
യഥാക്രമം 1208.80 രൂപ, 80.85 രൂപ വിലകളിലാണ് നിലവില്‍ ഓഹരികള്‍. വിപണി മൂല്യം, ഫെഡറല്‍ ബാങ്ക് – ഏകദേശം 25,471.40 കോടി രൂപ.കരൂര്‍ വൈശ്യ- 6,469.11 കോടി രൂപ.
ഫെഡറല്‍ ബാങ്ക്
താല്‍ക്കാലിക കണക്കുപ്രകാരം, ഫെഡറല്‍ ബാങ്ക് രണ്ടാംപാദത്തില്‍ 1,89,146 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനം അധികമാണിത്. 19.4 ശതമാനം അധികവായ്പ അഥവാ 1,63,956 കോടി രൂപയുടെ വായ്പാ വിതരണവും നടത്തി.
2023 സാമ്പത്തികവര്‍ഷത്തില്‍ ബാങ്കിന്റെ വായ്പാ വളര്‍ച്ച 18 ശതമാനമാകുമെന്ന് എംകെയ് ഗ്ലോബല്‍ കരുതുന്നു. മുന്‍വര്‍ഷത്തില്‍ ഇത് 16 ശതമാനമായിരുന്നു. അതുകൊണ്ട് തന്നെ 147 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിച്ചു.
കരൂര്‍ വൈശ്യബാങ്ക്
കരൂര്‍ വൈശ്യ ബാങ്കിന് 96 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ നിര്‍ദ്ദേശമാണ് ബ്രോക്കറേജ് സ്ഥാപനം നല്‍കുന്നത്. ടയര്‍ 1 ല്‍ കാപിറ്റല്‍ പൊസിഷന്‍ 17 ശതമാനത്തേക്കാള്‍ കൂടുതലാണെന്നും മൂല്യനിര്‍ണ്ണയം ഏതിരാളികളേക്കാള്‍ മെച്ചമാണെന്നും ബ്രോക്കറേജ് പറഞ്ഞു. സ്ലിപ്പേജുകളുടെ കുറവും മികച്ച ശേഖരവുമുള്ളതിനാല്‍ നിഷ്‌ക്രിയ ആസ്തികള്‍ കുറയും. 2023 സാമ്പത്തികവര്ഷത്തില്‍ സ്ലിപ്പേജ് 1-1.5 ശതമാനത്തില്‍ ഒതുക്കാനാകും. കൂടെ ആരോഗ്യകരമായ 65 ശതമാനത്തിന്റെ പിസിആറും.
രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ
അന്തരിച്ച നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുള്ള ഓഹരികള്‍ കൂടിയാണ് ഇവ. രാകേഷ് ജുന്‍ജുന്‍വാല 2015 ഡിസംബറിലാണ് കരൂര്‍ വൈശ്യബാങ്ക് ഓഹരികള്‍ തന്റെ പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ക്കുന്നത്. അതേസമയം 2016 മാര്‍ച്ച് മുതല്‍ ഫെഡറല്‍ ബാങ്കില്‍ നിക്ഷേപമുണ്ട്.
കരൂര്‍ വൈശ്യബാങ്കിന്റെ 4.50 ശതമാനം അഥവാ 3,59,83,516 എണ്ണം ഓഹരികള്‍ അദ്ദേഹം കൈവശം വയ്ക്കുമ്പോള്‍ രാകേഷിന്റെയും ഭാര്യ രേഖ ജുന്‍ജുന്‍വാലയുടെയും ഫെഡറല്‍ ബാങ്ക് ഓഹരി പങ്കാളിത്തം 54,721,060 ഇക്വിറ്റി ഷെയറുകള്‍ അഥവാ 2.6 ശതമാനമാണ്.
ട്രെന്‍ഡൈന്‍ കണക്കുകള്‍ പ്രകാരം, ജുന്‍ജുന്‍വാലയുടെ ഹോള്‍ഡിംഗ് മൂല്യം ഫെഡറല്‍ ബാങ്കില്‍ 915 കോടി രൂപയും കരൂര്‍ വൈശ്യ ബാങ്കില്‍ 291 കോടി രൂപയുമാണ്. 2020 മാര്‍ച്ച് 25 മുതല്‍ പ്രാബല്യത്തില്‍ വന്ന ആദ്യ ലോക്ക്ഡൗണ്‍ മുതല്‍ രണ്ട് ഓഹരികളും കാര്യമായ നേട്ടമുണ്ടാക്കി.