
മുംബൈ: പുതിയ കയറ്റുമതി ഓർഡർ ലഭിച്ചതായി അറിയിച്ച് രാമകൃഷ്ണ ഫോർജിംഗ്‌സ്. ഓട്ടോ സെഗ്‌മെന്റിലെ ടയർ 1 റിയർ & ഫ്രണ്ട് ആക്‌സിൽ നിർമ്മാതാവിൽ നിന്ന് 131.5 കോടി രൂപ മൂല്യമുള്ള ഓർഡറാണ് കമ്പനിക്ക് ലഭിച്ചത്.
ഓർഡർ നേടിയതായി കമ്പനി അറിയിച്ചതിനെത്തുടർന്ന് രാമകൃഷ്ണ ഫോർജിംഗ്‌സ് ഓഹരി 2.18% മുന്നേറി 215.90 രൂപയിലെത്തി. ഓർഡർ പ്രകാരം കമ്പനി ഉൽപ്പന്നങ്ങൾ നോർത്ത് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യും. കൂടാതെ നാല് വർഷത്തിനുള്ളിൽ ഓർഡർ നടപ്പിലാക്കുമെന്ന് രാമകൃഷ്ണ ഫോർജിംഗ്‌സ് അറിയിച്ചു.
തങ്ങളുടെ വരുമാന വിഹിതം വർദ്ധിപ്പിക്കുന്നതിനും കയറ്റുമതി ശക്തിപ്പെടുത്തുന്നതിനുമുള്ള തന്ത്രത്തിന് അനുസൃതമാണ് ഈ ഓർഡറെന്ന് രാമകൃഷ്ണ ഫോർജിംഗ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഎഫ്‌ഒയുമായ ലളിത് ഖേതൻ പറഞ്ഞു.
ഓട്ടോമൊബൈൽ, റെയിൽവേ വാഗണുകൾ, കോച്ച്, എഞ്ചിനീയറിംഗ് ഭാഗങ്ങൾ എന്നി ഘടകങ്ങളുടെ നിർമ്മാണത്തിലും വിൽപ്പനയിലുമാണ് രാമകൃഷ്ണ ഫോർജിംഗ്സ് പ്രാഥമികമായി ഏർപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 650.75 കോടി രൂപയായി ഉയർന്നിരുന്നു.