
ഡൽഹി: ഉയർന്ന വരുമാനത്തിന്റെ പിൻബലത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) 27 ശതമാനം വർധിച്ച് 64 കോടി രൂപയായി ഉയർന്നതായി രാമകൃഷ്ണ ഫോർജിംഗ്സ് അറിയിച്ചു. 2021 ജൂലൈ-സെപ്റ്റംബർ കാലയളവിൽ കമ്പനി 50.11 കോടി രൂപ ലാഭം നേടിയിരുന്നുവെന്ന് രാമകൃഷ്ണ ഫോർജിംഗ്സ് പ്രസ്താവനയിൽ പറഞ്ഞു.
അവലോകന പാദത്തിലെ വരുമാനം മുൻ വർഷം ഇതേ കാലയളവിലെ 578.93 കോടിയിൽ നിന്ന് 762.55 കോടി രൂപയായി ഉയർന്നു. അതേസമയം നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) കമ്പനിയുടെ ലാഭം 111.20 കോടി രൂപയായിരുന്നു, ഇത് മുൻ വർഷം ഇതേ കാലയളവിലെ 74.72 കോടി രൂപയെക്കാൾ 48.81 ശതമാനം കൂടുതലാണ്.
ആറ് മാസ കാലയളവിലെ സ്ഥാപനത്തിന്റെ വിൽപ്പന അളവ് 41,257 ടണ്ണാണ്. മെച്ചപ്പെട്ട ഉൽപ്പന്ന മിശ്രിതവും ശക്തമായ ഉപഭോക്തൃ ഡിമാൻഡും മൂലം കമ്പനി സുസ്ഥിരമായ വളർച്ച രേഖപ്പെടുത്തിയതായി രാമകൃഷ്ണ ഫോർജിംഗ്സ് മാനേജിംഗ് ഡയറക്ടർ നരേഷ് ജലൻ പറഞ്ഞു. കൂടാതെ കൺവെർട്ടിബിൾ വാറന്റുകളുടെ മുൻഗണനാ ഇഷ്യു വഴി കമ്പനി 100 കോടി രൂപ സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്ലോസ്ഡ് ഡൈ ഫോർജിംഗുകളുടെ നിർമ്മാതാവും വിതരണക്കാരനുമാണ് കൊൽക്കത്ത ആസ്ഥാനമായുള്ള രാമകൃഷ്ണ ഫോർജിംഗ്സ്.