
മുംബൈ: 2 കോടി രൂപ പിഴ ചുമത്തിയ സെബി(സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നടപടിയ്‌ക്കെതിരെ സെക്യൂരിറ്റീസ് അപലെറ്റ് ട്രിബ്യൂണലി(എസ്എടി)നെ സമീപിച്ചിരിക്കുകയാണ് മുന്‍ യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റാണ കപൂര്‍. ബാങ്കിന്റെ അഡീഷണല്‍ ടയര്‍ വണ്‍ (എടി-1) ബോണ്ടുകള്‍ വ്യക്തിഗത നിക്ഷേപകര്‍ക്ക് മാറ്റിനല്‍കിയെന്ന കുറ്റത്തിനാണ് കപൂറിന് മേല്‍ സെബി പിഴ ചുമത്തിയത്.
അന്വേഷണത്തില്‍ നിക്ഷേപ സ്ഥാപനങ്ങളും യെസ് ബാങ്ക് ജീവനക്കാരും തങ്ങളുടെ കൈവശമുള്ള ബോണ്ട് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ബാങ്ക് വഴി നല്‍കിയെന്ന് സെബി കണ്ടെത്തിയിരുന്നു. ഇത് പ്രോഹിബിഷന്‍ ഓഫ് ഫ്രോഡുലന്റ് ആന്റ് അണ്‍ഫെയര്‍ ട്രേഡ് പ്രാക്ടീസസിന്റെ ലംഘടനമാണെന്നും ഈ കാര്യങ്ങള്‍ നടക്കുമ്പോള്‍ റാണ കപൂറായിരുന്നു സ്ഥാപനത്തിന്റെ തലപ്പത്തെന്നും മാര്‍ക്കറ്റ് റെഗുലേറ്റര്‍ പറയുന്നു.
എന്നാല്‍ അന്തര്‍ലീനമായ അപകടസാധ്യതകള്‍ തിരിച്ചറിഞ്ഞ് തന്നിഷ്ടപ്രകാരമാണ് നിക്ഷേപകര്‍ ബോണ്ടുകള്‍ മാറ്റി നല്‍കിയതെന്ന് കപൂര്‍ അപ് ലെറ്റ് ട്രിബ്യൂണലിനെ ബോധിപ്പിച്ചു. 8415 കോടി രൂപയോളം വരുന്ന ബാങ്കിന്റെ എടി-1 ബോണ്ട് വിലയില്ലാത്തതായി കണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസാധുവാക്കിയിരുന്നു. ഇതോടെ നിക്ഷേപകര്‍ വലിയ തോതില്‍ നഷ്ടം നേരിട്ടു.