
മുംബൈ: ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റിവോൾട്ട് മോട്ടോഴ്സിന്റെ 100 ശതമാനം ഓഹരികൾ രത്തൻഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡ് ഏറ്റെടുക്കും. ഓഹരി പങ്കാളിത്തം കൂടുതൽ വർധിപ്പിക്കുന്നതിനുള്ള ഓപ്‌ഷനോടെ കമ്പനി നേരത്തെ റിവോൾട്ടിന്റെ 33.84% ഓഹരികൾ ഏറ്റെടുത്തിരുന്നു.
സാങ്കേതികത, ചെലവ്, ബിൽഡ് ക്വാളിറ്റി, പെർഫോമൻസ് എന്നിവയുടെ അടിസ്ഥാനത്തിൽ റിവോൾട്ട് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഇവി ബൈക്കാണ് എന്ന് രത്തൻഇന്ത്യ എന്റർപ്രൈസസ് ചെയർപേഴ്സൺ അഞ്ജലി രത്തൻ പറഞ്ഞു.
രാജ്യത്ത് ഇവി വിപ്ലവം പ്രതീക്ഷിച്ചതിലും വേഗത്തിൽ വരുമെന്നും. ഈ 100% ഓഹരികൾ ഏറ്റെടുക്കുന്നതിലൂടെ റിവോൾട്ട് മോട്ടോഴ്സിന്റെ അടുത്ത വളർച്ചാ ഘട്ടത്തിന് തങ്ങൾ പിന്തുണ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
വൈദ്യുതി ഉത്പാദനം, പ്രക്ഷേപണം, വൈദ്യുതി വിതരണം എന്നിവയുടെ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് രത്തൻഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡ്. നിലവിൽ കമ്പനിയുടെ ഓഹരി 8.63 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 54.15 രൂപയിലെത്തി.