മുംബൈ: ഐഐഎഫ്എൽ ഫിനാൻസിനെതിരായ റിസർവ്വ് ബാങ്ക് നടപടി നേട്ടമാക്കി കേരള കമ്പനികൾ. ഐഐഎഫ്എൽ ഫിനാൻസിനോട് ഉടനടി സ്വർണ്ണവായ്പാ ബിസിനസ് നിർത്തി വെക്കാനാണ് ആർബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതോടെ പ്രമുഖ സ്വർണ്ണവായ്പാ കമ്പനികളായ മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ ചൊവ്വാഴ്ച്ചയിലെ വ്യാപാരത്തിൽ 11% വരെ പറന്നു കയറി. അതേ സമയം ബി.എസ്.ഇയിൽ ഐഐഎഫ്എൽ ഫിനാൻസ് ഓഹരികൾ 20% തകർന്നു വീണു.
ഐഐഎഫ്എൽ ഫിനാൻസ്, സ്വർണ്ണവായ്പകൾക്ക് അനുമതി നൽകാനോ, വായ്പാ വിതരണം നടത്താനോ പാടില്ലെന്നാണ് ആർബിഐ നിർദേശം. കമ്പനിയുടെ ഗോൾഡ് ലോൺ പോർട്ഫോളിയോയിലെ റെഗുലേഷനുമായി സംബന്ധിച്ച ചില ആശങ്കകൾ കാരണമാണ് നടപടിയെന്ന് കേന്ദ്രബാങ്ക് അറിയിച്ചു.
ഐഐഎഫ്എൽ ഫിനാൻസിന്റെ അസറ്റ് അണ്ടർ മാനേജ്മെന്റിൽ (AUM) 32% സ്വർണ്ണവായ്പകളാണ് ഉൾപ്പെട്ടിരിക്കുന്നത്. കൂടാതെ കമ്പനിയുടെ Co-lending ബിസിനസിൽ കൂടുതലും സ്വർണ്ണവായ്പകളാണ്.
സ്വർണ്ണവായ്പാ വിപണിയിൽ കനത്ത മത്സരമാണ് ഇപ്പോൾ നടക്കുന്നത്. ബാങ്കുകളും, ബജാജ് ഫിനാൻസ് പോലെയുള്ള എൻബിഎഫ്സികളുമെല്ലാം (NBFC) ഗോൾഡ് ഫിനാൻസിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കഴിഞ്ഞ ആറ് മാസങ്ങളായി ഈ പ്രവണത വർധിച്ചു വരുന്ന സാഹചര്യമാണ്.മത്സരം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലും സ്വർണ്ണവായ്പാ ബിസിനസിൽ നേട്ടമുണ്ടാക്കാൻ മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ് കമ്പനികൾക്ക് കഴിഞ്ഞ രണ്ട് പാദങ്ങളായി സാധിക്കുന്നതായി പ്രമുഖ ആഭ്യന്തര ബ്രോക്കിങ് സ്ഥാപനമായ മോട്ടിലാൽ ഓസ്വാൾ വിലയിരുത്തുന്നു.