![](https://www.livenewage.com/wp-content/uploads/2023/01/RBI-e1672820263406.jpg)
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ പഴയ പെന്‍ഷന്‍ സ്‌ക്കീമിലേയ്ക്ക് (ഒഎഫ്എസ്) മടങ്ങുന്നതിനെതിരെ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). ഫണ്ടില്ലാതെ ഭാവിയില്‍ പെന്‍ഷന്‍ മുടങ്ങുന്നതിന് നീക്കം ഇടവരുത്തും, കേന്ദ്രബാങ്ക് പറഞ്ഞു. ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളാണ് പഴയ സ്‌ക്കീമിലേയ്ക്ക് മടങ്ങാനൊരുങ്ങുന്നത്.
വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതിമാസ പെന്‍ഷനായി അവസാനത്തെ ശമ്പളത്തിന്റെ 50% ഇവര്‍ വാഗ്ദാനം ചെയ്യുന്നു. 2004ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ പെന്‍ഷന്‍ സമ്പ്രദായത്തില്‍ നിന്നുള്ള മാറ്റമാണിത്. 10 ശതമാനം സര്‍ക്കാര്‍ ജിവനക്കാരും 10 ശതമാനം തൊഴിലുടമയും സംഭാവന ചെയ്യുന്ന പങ്കാളിത്ത പെന്‍ഷന്‍ രീതിയാണ് 2004 ല്‍ നടപ്പിലായത്.
മന്‍മോഹന്‍ സിംഗിന്റെ പ്രധാന സഹായിയായിരുന്ന മൊണ്ടേക് സിംഗ് അലുവാലിയ ഉള്‍പ്പടെയുള്ള നിരവധി സാമ്പത്തിക വിദഗ്ധര്‍ സംസ്ഥാനങ്ങളുടെ നീക്കത്തിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. ഉയര്‍ന്ന മൂലധന ചെലവുകള്‍ നടത്താനും ആര്‍ബിഐ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നു.
മൊത്തം ജിഡിപി വര്‍ദ്ധനവിന് ഇത് ഉപകാരപ്പെടും. ഇതിനായി കാപക്‌സ് ബഫര്‍ ഫണ്ട് സൃഷ്ടിക്കണം. കേന്ദ്രഗവണ്‍മെന്റിന്റെ ബജറ്റ് ഇതര ധനസഹായം ലഭ്യമായതിനാല്‍ നിലവില്‍ പണലഭ്യതയുണ്ടെന്നും അതിനാല്‍ ‘നല്ല സമയങ്ങളില്‍’ പണം നീക്കിവയ്ക്കണമെന്നും ആര്‍ബിഐ സംസ്ഥാനങ്ങളെ ഉപദേശിച്ചു.