ന്യൂഡല്‍ഹി: ബാങ്ക് നിക്ഷേപം കുറയുന്നതില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആശങ്ക രേഖപ്പെടുത്തി. പണലഭ്യതയില്ലാതെ വായ്പ എങ്ങിനെ രണ്ടക്ക വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് കേന്ദ്രബാങ്കിനെ കുഴക്കുന്ന പ്രശ്‌നം. ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിളിച്ചുചേര്‍ത്ത പൊതുമേഖല ബാങ്ക് മാനേജിംഗ് ഡയറക്ടര്‍മാരുടേയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടേയും യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു.
എന്നാല്‍ ഇതൊരു പതിവ് യോഗമായിരുന്നെന്നും ബാങ്കിംഗ് രംഗത്തെ പ്രവണതകള്‍ തങ്ങള്‍ ചര്‍ച്ചചെയ്‌തെന്നും ഒരു ബാങ്കര്‍ പ്രതികരിക്കുന്നു. വായ്പാ വളര്‍ച്ച 18 ശതമാനത്തിലെത്തി നില്‍ക്കെ ആനുപാതികമായി നിക്ഷേപ വളര്‍ച്ച ഉയരാത്തത് യോഗത്തില്‍ ചര്‍ച്ചയായി. റിപ്പോ നിരക്ക് 190 ബേസിസ് പോയിന്റ് ഉയര്‍ന്നതോടെ വായ്പാ നിരക്കും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം നിക്ഷേപ നിരക്ക് ആനുപാതികമായി ഉയര്‍ന്നിട്ടില്ല. നിക്ഷേപം ആകര്‍ഷിക്കാന്‍ ഡെപോസിറ്റ് നിരക്കുകള്‍ ഉയര്‍ത്തേണ്ടതുണ്ട്. സ്ലിപ്പേജുകള്‍ കുറയുന്നതിനാല്‍ ആസ്തി ഗുണമേന്മ മെച്ചപ്പെടുകയാണെന്നും യോഗം വിലയിരുത്തി.
കഴിഞ്ഞ ആറ് മാസം എങ്ങിനെ ആയിരുന്നുവെന്നും ഇനി എങ്ങിനെയാകുമെന്നും യോഗം ചര്‍ച്ച ചെയ്തു. ആര്‍ബിഐ ഡെപ്യൂട്ടിഗവര്‍ണര്‍ എംകെ ജെയ്‌നിനോടൊപ്പം മറ്റ് മുതിര്‍ന്ന കേന്ദ്രബാങ്ക് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു. കേന്ദ്രബാങ്ക് കഴിഞ്ഞയാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം ഒക്ടോബര്‍ 31 വരെ രാജ്യത്തെ ബാങ്ക് നിക്ഷേപം 170.03 ലക്ഷം കോടി രൂപയാണ്.
തൊട്ടുമുന്നത്തെ സമാന കാലയളവിനെ അപേക്ഷിച്ച് വളര്‍ച്ചാ തോത് കുറവാണ്. അതേസമയം 128.89 ലക്ഷം കോടി രൂപയുടെ വായ്പാ വിതരണം നടത്താന്‍ ബാങ്കുകള്‍ക്കായി.. 29,086 കോടി രൂപയുടെ വര്‍ധനവ്.
വാര്‍ഷികാടിസ്ഥാനത്തില്‍ വായ്പാവളര്‍ച്ച 17.9 ശതമാനമാണ്. ബെഞ്ച്മാര്‍ക്ക് വായ്പാ നിരക്കിനെ അപേക്ഷിച്ച് നിക്ഷേപ പലിശ നിരക്ക് പതുക്കെയാണ് വര്‍ദ്ധിക്കുന്നത്.