
മുംബൈ: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചാ അനുമാനം വീണ്ടും വെട്ടിക്കുറച്ച് റിസർവ് ബാങ്ക്. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷം (2025-26) ഇന്ത്യ 6.7% വളരുമെന്നാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന പണനയ നിർണയ സമിതിയുടെ (എംപിസി) അനുമാനം.
ഇന്ത്യ നടപ്പുവർഷം 6.6 ശതമാനമേ വളരാനിടയുള്ളൂ എന്ന് കഴിഞ്ഞ എംപിസി നയപ്രഖ്യാപനത്തിൽ റിസർവ് ബാങ്ക് അഭിപ്രായപ്പട്ടിരുന്നു. നേരത്തേ വിലയിരുത്തിയ 7.2 ശതമാനത്തിൽ നിന്നാണ് നടപ്പുവർഷത്തെ വളർച്ചാപ്രതീക്ഷ വെട്ടിത്താഴ്ത്തിയത്.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട ആദ്യഘട്ട റിപ്പോർട്ടിൽ ഈ വർഷം 6.4 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ചയായിരിക്കും ഇത്.
കേന്ദ്ര ബജറ്റ് അവതരണത്തിന്റെ തലേന്ന് കേന്ദ്ര സർക്കാർ പാർലമെന്റിന്റെ മേശപ്പുറത്തുവച്ച സാമ്പത്തിക സർവേയുടെ അനുമാനം 2025-26ൽ 6.3 മുതൽ 6.8 ശതമാനം വരെ വളർച്ചയാണ്. അതായത്, ഇന്ത്യ ഈ വർഷവും അടുത്തവർഷവും 7 ശതമാനത്തിന് മുകളിൽ വളരില്ലെന്ന് കേന്ദ്രം തന്നെ കരുതുന്നു. ഇതിനെ പിന്തുണയ്ക്കുന്ന അഭിപ്രായമാണ് ഇന്ന് റിസർവ് ബാങ്കും സ്വീകരിച്ചത്.
അടുത്തവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഇന്ത്യ 6.9% വളരുമെന്ന് ഡിസംബറിലെ എംപിസി യോഗശേഷം റിസർവ് ബാങ്ക് അഭിപ്രായപ്പെട്ടിരുന്നു. ധനനയ പ്രഖ്യാപനത്തിൽ ഇത് 6.7 ശതമാനമായി കുറച്ചു. രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിലെ വളർച്ചാ അനുമാനം 7.4ൽ നിന്ന് 7 ശതമാനത്തിലേക്കും താഴ്ത്തി. അടുത്ത ഒക്ടോബർ-ഡിസംബറിലും ജനുവരി-മാർച്ചിലും 6.5% വീതം വളർച്ചയും റിസർവ് ബാങ്ക് വിലയിരുത്തുന്നു.
ആഗോള സമ്പദ്‍രഗത്തെ അനിശ്ചിതാവസ്ഥകൾ കനത്ത വെല്ലുവിളിയാണെങ്കിലും ഉപഭോക്തൃവിപണിയുടെ കരകയറ്റം, മികച്ച റാബി സീസൺ, മെച്ചപ്പെട്ട മൺസൂൺ, സർക്കാരിന്റെ ഉയർന്ന മൂലധനച്ചെലവ്, സേവന, കാർഷിക മേഖലകളുടെ മികച്ച പ്രകടനം എന്നിവ ഭേദപ്പെട്ട ജിഡിപി വളർച്ചനേടാൻ ഇന്ത്യയെ സഹായിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.