ന്യൂഡല്‍ഹി: റീട്ടെയില്‍ പണപ്പെരുപ്പ നടപടികള്‍ പ്രതിപാദിച്ച് കേന്ദ്ര സര്‍ക്കാരിന് കൈമാറിയ കത്ത് പരസ്യമാക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായാണ് ആര്‍ബിഐ ഇങ്ങിനെ പ്രതികരിച്ചത്. വിപണി തടസ്സങ്ങള്‍ക്കും സാമ്പത്തിക വിപണി ചാഞ്ചാട്ടങ്ങള്‍ക്കും കാരണമാകുമെന്നതിനാലാണ് കത്ത് പരസ്യപ്പെടുത്താന്‍ മടിക്കുന്നത്.
കത്തില്‍ പ്രതിപാദിച്ച പരിഹാര നടപടികള്‍ പുറത്തുവരുന്നത് ചിലപ്പോള്‍ പ്രതീക്ഷകളെ തിരുത്തുന്നതും ധനനയം പ്രാവര്‍ത്തികമാക്കുന്നത് തടയുന്നതുമാകും. ഇതോടെ വളര്‍ച്ചാ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുകയും സാമ്പത്തിക താല്‍പര്യങ്ങള്‍ വ്രണപ്പെടുകയും ചെയ്യും, ആര്‍ബിഐ മറുപടി ഉദ്ദരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തിലെ ഉള്ളടക്കം വെളിപെടുത്താനാകില്ലെന്ന് കേന്ദ്ര സാമ്പത്തിക കാര്യവകുപ്പ് സഹമന്ത്രി പങ്കജ് ചൗദരിയും പറഞ്ഞിരുന്നു.
ആര്‍ബിഐ ആക്റ്റ് 1934 കത്ത് പുറത്തുവിടാതിരിക്കാനുള്ള അനുമതി നല്‍കുന്നുണ്ട്. നവംബര്‍ 9 ന് ചേര്‍ന്ന ആര്‍ബിഐ, മോണിറ്ററി പോളിസി കമ്മിറ്റി അനൗപചാരിക യോഗമാണ് വിശദീകരണ കത്ത് തയ്യാറാക്കി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചത്. തുടര്‍ച്ചയായ 9 മാസങ്ങളില്‍ പണപ്പെരുപ്പം ടോളറന്‍സ് ബാന്‍ഡായ 2-6 ശതമാനത്തിന് മുകളിലായതിനെ തുടര്‍ന്നാണിത്.
സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടര്‍ച്ചയായി മൂന്ന് പാദങ്ങളില്‍ 2-6 ശതമാനം പരിധിക്ക് പുറത്താണെങ്കില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ ആര്‍ബിഐ പരാജയപ്പെട്ടതായി കണക്കാക്കും. 2016-ല്‍ അവതരിപ്പിച്ച ഫ്ലെക്സിബിള്‍ ഇന്‍ഫ്ലേഷന്‍ ടാര്‍ഗെറ്റിംഗ് ചട്ടക്കൂട് പ്രകാരമാണിത്.
തുടര്‍ന്ന് സര്‍ക്കാറിന് വിശദീകരണം നല്‍കാന്‍ കേന്ദ്രബാങ്ക് നിര്‍ബന്ധിതരാകും. അതേസമയം,ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണമാണ് പണപ്പെരുപ്പം പരിധിയിലൊതുങ്ങാത്തത് എന്ന് ആര്‍ബിഐ ധരിപ്പിച്ചതായാണ് വിവരം. പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിശദീകരണക്കുറിപ്പിലെ കാര്യങ്ങള്‍ പരസ്യമാക്കാനാകില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും പറഞ്ഞിരുന്നു.