ന്യൂഡല്‍ഹി: പണപ്പെരുപ്പം പ്രഖ്യാപിത ലക്ഷ്യമായ 4 ശതമാനത്തിലേയ്ക്കെത്താന് രണ്ട് വര്‍ഷമെടുക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. എക്കണോമിക് ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വളര്‍ച്ചയ്ക്ക് ഭംഗം വരുത്താതെ അവധാനതയോടെയുള്ള നീക്കമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്നത് എന്ന് പറഞ്ഞ ഗവര്‍ണര്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി പണപ്പെരുപ്പം ഉയര്‍ന്നിരിക്കുകയാണെന്ന് സമ്മതിച്ചു.
ആര്‍ബിഐയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തി കൈവരിച്ചുവരികയാണ്. ബോണ്ട് യീല്‍ഡ് സ്ഥിരത കൈവരിച്ചത് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പറഞ്ഞു. പണപ്പെരുപ്പം കുറയ്ക്കാനായി നിരക്ക് വര്‍ധിപ്പിക്കുകയാണ് കേന്ദ്രബാങ്ക്. മെയ് മുതല്‍ ഇതിനോടകം 140 ബേസിസ് പോയിന്റ് വര്‍ധനവാണ് റീപര്‍ച്ചേസ് നിരക്കില്‍ (റിപ്പോ) അവര്‍ വരുത്തിയത്. അതേസമയം ഉപഭോക്തൃ വിലകയറ്റം ഇപ്പോഴും 6 ശതമാനത്തില്‍ കൂടുതലായി നില്ക്കുന്നു.
കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണത്തിലാണെന്ന് പറഞ്ഞ ഗവര്‍ണര്‍ വരും ദിവസങ്ങളില്‍ കയറ്റുമതിയില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. രൂപയുടെ വിനിയമ നിരക്ക് മെച്ചപ്പെടും. ക്രിപ്റ്റോകറന്‍സികളെക്കുറിച്ചുള്ള തന്റെ നിലപാട് ആവര്‍ത്തിക്കാനും അദ്ദേഹം മറന്നില്ല.
ക്രിപ്റ്റോകറന്‍സികള്‍ ഡോളറൈസഷനിലേയ്ക്ക് നയിക്കുമെന്നും അത് സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ ആര്‍ബിഐ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. പൊതുമേഖല സ്വകാര്യവത്ക്കരണം ദോഷകരമാണെന്ന് ആര്‍ബിഐ ബുള്ളറ്റിന് അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ വിശദീകരണം നല്‍കിയത്.