വിദേശ ബാങ്കായ എച്ച്എസ്‌ബിസിക്ക് 36.38 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് (ഫെമ) ലഘിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
1999 ലെ ഫെമയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലുള്ള റിപ്പോർട്ടിംഗ് ആവശ്യകതകൾ എച്ച്എസ്ബിസി പിന്തുടരുന്നില്ലെന്ന് ആർബിഐ ചൂണ്ടിക്കാട്ടി.
ഫെമയുടെ ലംഘനം ചൂണ്ടിക്കാട്ടി എച്ച്എസ്ബിസിക്ക് ആർബിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു, അതിന് മറുപടിയായി ബാങ്ക് രേഖാമൂലമുള്ള മറുപടിയും നൽകിയിട്ടുണ്ട്.
കേസിൻ്റെ വസ്‌തുതകളും ഒപ്പം വിഷയത്തിൽ ബാങ്കിൻ്റെ മറുപടിയും പരിഗണിച്ച ശേഷം, ലംഘനങ്ങൾ തെളിയിക്കപ്പെട്ടതാണെന്നും പിഴ ചുമത്തേണ്ടതുണ്ടെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഈ നിഗമനത്തിനു പിന്നാലെയാണ് പിഴ തുക തീരുമാനിച്ചത്.
ദിവസം രാജ്യത്തെ ബാങ്കുകളായ ഐസിഐസിഐ ബാങ്കിനും യെസ് ബാങ്കിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തിയിരുന്നു. ആർബിഐയുടെ മാർഗനിർദേശങ്ങൾ പാലിക്കാത്തതാണ് കാരണം. ഐസിഐസിഐ ബാങ്കിന് ഒരു കോടി രൂപയും യെസ് ബാങ്കിന് 91 ലക്ഷം രൂപയും പിഴ ചുമത്തിയതായി ആർബിഐയുടെ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ആഴ്ച, സ്വകാര്യമേഖല ബാങ്കായ കർണാടക ബാങ്കിനെതിരെ ആർബിഐ നടപടി എടുത്തിരുന്നു. കർണാടക ബാങ്കിന്റെ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി 59 ലക്ഷത്തിലധികം രൂപ ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്.
1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരമാണ് കർണാടക ബാങ്കിനെതിരെ ആർബിഐ നടപടിയെടുത്തത്.