
ന്യൂഡല്‍ഹി: ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാകുന്നതിനിടെ ജാഗ്രത പാലിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. പൊതുമേഖല ബാങ്ക് മാനേജിംഗ് ഡയറക്ടര്‍മാരുടേയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു ദാസ്. ബാലന്‍സ് ഷീറ്റ് ആഘാതം കുറയ്ക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും ക്രിയാത്മകമായ ഇടപെടല്‍ അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് വാണിജ്യബാങ്കുകള്‍ നടത്തിയ സുത്യര്‍ഹ സേവനത്തെ പ്രശംസിച്ച ദാസ് അതേ ജാഗ്രത സമകാലീന പ്രശ്‌നങ്ങളോടും പുലര്‍ത്തണമെന്ന് പറഞ്ഞു. വെല്ലുവിളികള്‍ക്കിടയിലും, ഇന്ത്യന്‍ ബാങ്കിംഗ് മേഖല പ്രതിരോധശേഷി നിലനിര്‍ത്തി. ഏത് പാരാമീറ്ററുകളിലും അത് ഉയര്‍ച്ചയിലാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡാറ്റ അനുസരിച്ച്, നിക്ഷേപങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 9.6 ശതമാനമാണ് ഉയര്‍ന്നത്. മുന്‍വര്‍ഷത്തെ 10.2 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവ്. അതേസമയം വായ്പാ വളര്‍ച്ച മുന്‍വര്‍ഷത്തെ 6.5 ശതമാനത്തില്‍ നിന്നും ബഹുദൂരം മുന്നേറി.
17.9 ശതമാനമാണ് ഈ വര്‍ഷത്തെ വായ്പാ വളര്‍ച്ച. ക്രെഡിറ്റ് വളര്‍ച്ച, ആസ്തി ഗുണനിലവാരം, ഐടി ഇന്‍ഫ്രാസ്ട്രക്ചറിലെ നിക്ഷേപങ്ങള്‍, പുതിയ കാലത്തെ സാങ്കേതിക പരിഹാരങ്ങള്‍,ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളുടെ പ്രവര്‍ത്തനം, നിക്ഷേപ വളര്‍ച്ചാ കുറവ് തുടങ്ങിയ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.